കൊച്ചി > ശബരിമലയിൽ ദർശനത്തിനുള്ള വെർച്ച്വൽ ക്യൂ സംവിധാധം പൊലീസിൻ്റെ നിയന്ത്രണത്തിൽതന്നെ നിലനിർത്തണമെന്ന് സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. വെർച്ച്വൽ ക്യൂവിൻ്റെ പ്രവർത്തനം സംബന്ധിച്ച ദേവസ്വം സ്പെഷ്യൽ കമീഷണറുടെ റിപ്പോർട്ടിലാണ്
സർക്കാർ നിലപാടറിയിച്ചത്.
വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിന് ജസ്റ്റീസുമാരായ അനിൽ നരേന്ദ്രനും കെബാബുവുമടങ്ങുന്ന ഡിവിഷൻ ബഞ്ച് നിർദേശം
നൽകി. 2011 മുതൽ വെർച്ച്വൽ ക്യൂ സംവിധാനം നിലവിലുണ്ടെന്നും ഇതുവരെ പരാതിയില്ലെന്നും 80 ലക്ഷം ഭക്തർ സേവനം ഉപയോഗിച്ചിട്ടുണ്ടെന്നും സ്റ്റേറ്റ് അറ്റോർണി എൻ മനോജ് കുമാർ അറിയിച്ചു.
2019 ൽ ടാറ്റാ കൺസൽട്ടൻസിയുടെ സഹായത്തോടെ നവീകരിച്ചുവെന്നും തിരക്ക് നിയന്ത്രണത്തിന് സംവിധാനം ഫലപ്രദമാണന്നും വ്യക്തമാക്കി. വെർച്വൽ ക്യൂ നിയന്ത്രണം ദേവസ്വം ബോർഡിനെ ഏൽപ്പിക്കണമെന്ന സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഓൺലൈൻ സേവനങ്ങളുടെ അവകാശം ട്രസ്റ്റി എന്ന നിലയിൽ ബോർഡിനാണെന്നും ഗുരുവായൂർ, തിരുപ്പതി തുടങ്ങിയ ക്ഷേത്രങ്ങളിൽ നിയന്ത്രണം ബോർഡുകൾക്കാണെന്നും സ്പെഷ്യൽ കമ്മീഷണർ അറിയിച്ചു.