കൊച്ചി > കൊച്ചി ക്യാൻസർ മെഡിക്കൽ സെൻ്ററിൻ്റെ നിർമാണ ചുമതലയിൽ നിന്ന് പിആൻഡ്സി പ്രൊജക്ട്സിനെ ഒഴിവാക്കിയത് ഹൈക്കോടതി ഡിവിഷൻ ബഞ്ചും ശരിവച്ചു. കമ്പനി സമർപ്പിച്ച അപ്പീൽ കോടതി തള്ളി. ഹർജിയിൽ ഇടപെടാൻ മതിയായ കാരണങ്ങൾ ഇല്ലെന്ന് ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റീസ് ഷാജി പി ചാലിയും അടങ്ങുന്ന ബഞ്ച് വ്യക്തമാക്കി.
യഥാസമയം നിർമാണം പുർത്തിയാക്കിയില്ലന്ന് ചൂണ്ടിക്കാട്ടിയാണ് കരാർ കമ്പനിയെ നിർമാണച്ചുമതല ഉണ്ടായിരുന്ന ഇൻകെൽ ഒഴിവാക്കിയത്. സമയം നീട്ടി നൽകിയിട്ടും കരാർ പാലിക്കാൻ കമ്പനിക്ക് കഴിഞ്ഞില്ലെന്ന് സർക്കാർ വ്യക്തമാക്കി. ഒഴിവാക്കൽ ക്രമപ്രകാരമല്ലെന്നായിരുന്നു കമ്പനിയുടെ ആരോപണം. നിർമാണപുരോഗതി സംബന്ധിച്ച പരിശോധനാ റിപ്പോർട്ട് നൽകിയില്ലെന്നും കമ്പനി ചൂണ്ടിക്കാട്ടി.