തിരുവനന്തപുരം: വിമാനത്താവള സ്വകാര്യവത്കരണം പൂർത്തിയാകുന്നതോടെ, തലസ്ഥാനനഗരത്തിന്റെ വികസനത്തിന്റെ പ്രധാനപ്പെട്ട സംരംഭങ്ങൾ അദാനി ഗ്രൂപ്പിന്റെ കൈകളിലേക്ക് എത്തുകയാണ്.
അദാനി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്. രണ്ടു വർഷത്തിനുള്ളിൽ തുറമുഖ നിർമാണം പൂർത്തിയാകുന്നതോടെ വിഴിഞ്ഞം രാജ്യത്തെ പ്രധാനപ്പെട്ട ട്രാൻസ്ഷിപ്മെന്റ് മേഖലയായി മാറും. ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് കണക്കാക്കുന്നത്. ഈ രണ്ടു സംരംഭങ്ങളിലുമായി ആയിരക്കണക്കിന് കോടി രൂപയുടെ നിക്ഷേപമാണ് വരുംവർഷങ്ങളിൽ തലസ്ഥാനത്തേയ്ക്ക് എത്തുക.
തലസ്ഥാനത്ത് വ്യോമയാനമേഖലയിൽ കൂടുതൽ വികസനമുണ്ടാകുമെന്നാണ് വ്യവസായലോകം കണക്കാക്കുന്നത്. സ്വകാര്യമേഖലയിൽ കൊച്ചി വിമാനത്താവളത്തിന്റെ വളർച്ച ഇതിനുദാഹരണമായി ഇവർ ചൂണ്ടിക്കാണിക്കുന്നു. സ്വകാര്യ സംരംഭകർ മത്സരക്ഷമതയോടെ ഇടപെടുമ്പോൾ നിരക്ക് കുറയും. കൂടുതൽ സർവീസുകൾ എത്തിക്കും – ഇങ്ങനെ നീളുന്നു പ്രതീക്ഷകൾ .
ടെക്നോപാർക്കിന്റെ മൂന്നാംഘട്ട വികസനം പൂർത്തിയാകുമ്പോൾ കൂടുതൽ വിദേശ കമ്പനികൾ ഇവിടേയ്ക്ക് എത്തും. ഇവരെല്ലാം ആവശ്യപ്പെടുന്നത് തലസ്ഥാനത്ത് എത്തിച്ചേരാനുള്ള മികച്ച വ്യോമയാനശൃംഖലയാണ്.
നിലവിൽ തിരുവനന്തപുരത്ത് നിന്ന് ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളുടെ എണ്ണം ഓരോ വർഷവും കുറഞ്ഞുവരികയാണ്. അദാനി ഗ്രൂപ്പിന് കൂടുതൽ വിമാനക്കമ്പനികളെ ഇവിടേയ്ക്ക് ആകർഷിക്കാൻ കഴിയും. രാജ്യത്തെ പ്രധാനപ്പെട്ട ആറു വിമാനത്താവളങ്ങൾ അദാനിയുടെ നിയന്ത്രണത്തിലായതിനാൽ അവിടങ്ങളുമായി ബന്ധിപ്പിച്ച് സർവീസുകൾ നടത്താൻ വഴിയൊരുക്കും.
നിലവിൽ തിരുവനന്തപുരത്തെത്തേണ്ട 40 ശതമാനം ആളുകളും കൊച്ചിയെ ആണ് ആശ്രയിക്കുന്നത്. നിരക്കിളവും കൂടുതൽ സർവീസുകളും ഉണ്ടെന്ന കാരണത്താലാണിത്. ഇവരെ തിരികെ കൊണ്ടുവരാൻ അദാനി ഗ്രൂപ്പിന്റെ ഇടപെടലിന് കഴിയുമെന്നാണ് തലസ്ഥാനത്തെ വ്യവസായലോകത്തിന്റെ പ്രതീക്ഷ.
തിരുവനന്തപുരത്തെ കൂടാതെ കൊല്ലം, പത്തനംതിട്ട, തമിഴ്നാട്ടിലെ കന്യാകുമാരി, തിരുനെൽവേലി, മധുര ജില്ലകളിലെ യാത്രക്കാർക്കും വിമാനത്താവളത്തിന്റെ വികസനം ഗുണം ചെയ്യും.
നേരത്തെ കേരളത്തിൽ നിന്ന് ഗൾഫ് മേഖലയിലേക്ക് ഏറ്റവും കൂടുതൽ ചരക്ക് കയറ്റുമതി ചെയ്തിരുന്നത് തിരുവനന്തപുരം വഴിയാണ്.
തമിഴ്നാട്ടിൽ നിന്നുള്ള പഴം, പച്ചക്കറി, പൂക്കൾ, മുട്ട, മാംസം എന്നിവയെല്ലാം ഇവിടെ നിന്ന് കയറ്റുമതി ചെയ്തിരുന്നു. എന്നാൽ കാർഗോ വിമാനങ്ങളുടെ എണ്ണം കുറഞ്ഞതോടെ ഇവയെല്ലാം കൊച്ചിവഴിയായി. കൂടുതൽ കാർഗോ വിമാനങ്ങൾ ഇവിടെ നിന്ന് സർവീസ് തുടങ്ങിയാൽ ഈ മേഖലയിൽ തലസ്ഥാനത്ത് വലിയ ബിസിനസ് സാധ്യതയുണ്ടെന്നാണ് കണക്കാക്കുന്നത്.
Content Highlights:thiruvananthapuram airport-vizhinjam port-adani