തിരുവനന്തപുരം
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മഴക്കെടുതിയിൽ ചൊവ്വാഴ്ച നാലുപേർ മരിച്ചു. മലപ്പുറത്ത് രണ്ടുപേരും കൊല്ലത്തും ആലപ്പുഴയിലും ഓരോരുത്തരുമാണ് മരിച്ചത്. ശനിയാഴ്ചവരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ബുധനാഴ്ച ന്യൂനമർദം രൂപപ്പെടാനും സാധ്യതയുണ്ട്. തിരുവനന്തപുരം ഒഴികെ 13 ജില്ലയിലും ബുധനാഴ്ച ജാഗ്രതാ നിർദേശം നൽകി.
തെക്കൻ ജില്ലകളിൽ മഴയ്ക്ക് കാരണമായ കാറ്റ് വടക്കൻ ജില്ലകളിലേക്കും ശക്തിപ്രാപിച്ചു. അറബിക്കടലിലെ ചക്രവാതച്ചുഴി രണ്ടുദിവസംകൂടി നിലനിൽക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശം, മഴ തുടരുന്നയിടങ്ങൾ, താഴ്ന്ന പ്രദേശം, നദീതീരം, ഉരുൾപൊട്ടൽ-–- മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശം എന്നിവിടങ്ങളിൽ അതീവ ജാഗ്രത പാലിക്കണം. സർക്കാർ നിർദേശപ്രകാരം ഏത് അടിയന്തര സാഹചര്യവും നേരിടാൻ ഡിജിപി അനിൽകാന്ത് പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. എല്ലാ സ്റ്റേഷനിലും ദുരന്തനിവാരണ സംഘങ്ങളെ സജ്ജമാക്കി. അടിയന്തര രക്ഷാപ്രവർത്തനത്തിനായി മണ്ണുമാന്തിയന്ത്രം, ബോട്ടുകൾ എന്നിവ ഉൾപ്പെടെയുള്ള സംവിധാനം ക്രമീകരിക്കും.
അട്ടപ്പാടി ചുരത്തിൽ മണ്ണിടിഞ്ഞു
അട്ടപ്പാടി ചുരത്തിൽ മണ്ണിടിഞ്ഞ് എട്ടുമണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. കള്ളമലയിൽ ജനങ്ങളെ മാറ്റി താമസിപ്പിച്ചു. ഇടുക്കിഡാമിൽ ജലനിരപ്പ് ശേഷിയുടെ 85 ശതമാനം ഉയർന്ന് ചൊവ്വാഴ്ച 2389.52 അടിയായി. ഭാരതപ്പുഴ, പെരിയാർ, ചാലക്കുടിപ്പുഴ എന്നിവ കരകവിഞ്ഞു. ആലുവ ശിവക്ഷേത്രം വെള്ളത്തിലായി. കുട്ടനാട്ട് ജലനിരപ്പുയരുന്നു.
ഏത് സാഹചര്യവും നേരിടും: മന്ത്രി
കനത്ത മഴ തുടരുന്നതിനാൽ ഏത് സാഹചര്യവും നേരിടാൻ സർക്കാർ സജ്ജമെന്ന് റവന്യൂമന്ത്രി കെ രാജൻ പറഞ്ഞു. ഉന്നത യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ ജില്ലയിലും ഓറഞ്ച് ബുക്ക് അടിസ്ഥാനമാക്കിയുള്ള ഒരുക്കത്തിന് കലക്ടർമാർക്ക് നിർദേശം നൽകി. ദേശീയ ദുരന്തനിവാരണ സേനയുടെ ആറു സംഘത്തെ വിന്യസിച്ചു. 27 ക്യാമ്പിലായി 622 പേരെ മാറ്റിപ്പാർപ്പിച്ചു. മറ്റിടങ്ങളിൽ ക്യാമ്പ് ആരംഭിക്കാൻ ഒരുക്കംതുടങ്ങി. ഡാമുകൾ തുറന്നിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ടതില്ല. കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
















