തിരുവനന്തപുരം: മധ്യ – കിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി രണ്ട് ദിവസം കൂടി തുടരുമെന്ന് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. അതേസമയം ബംഗാൾ ഉൾക്കടലിൽ ബുധനാഴ്ച ന്യൂനമർദ്ദത്തിന് സാധ്യതയുണ്ടെന്നുംകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര പൂർണമായും നിരോധിച്ചു. രാത്രി 7 മണിമുതൽ രാവിലെ 7 മണി വരെയാണ് യാത്രാനിരോധനം.
എല്ലാ ജില്ലകൾക്കുംകൃത്യമായ ജാഗ്രതാനിർദേശംനൽകിയിട്ടുണ്ട്. നിലവിൽ തിരുവനന്തപുരം ഒഴികെയുള്ള13 ജില്ലകളിലുംകാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന്മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം, കോട്ടയം തുടങ്ങിയ ജില്ലകളിലായി ആറ് എൻഡിആർഎഫ് ടീമുകളെ സജ്ജമാക്കി നിർത്തിയിട്ടുണ്ടെന്നും അമിതമായ ഒരു ഭീതിയുടെ ആവശ്യമില്ലെന്നും മന്ത്രി കെ രാജൻ പറഞ്ഞു.
ഏത് വിധത്തിലുള്ള അപകടങ്ങളേയും നേരിടാൻ സജ്ജമായ തരത്തിൽ വിവിധങ്ങളായ വകുപ്പും ഏജൻസികളും തമ്മിൽ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്. നിലവിൽ 27 ദുരിതാശ്വാസ ക്യാമ്പുകളിലായി 622 പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്.
അപകടസാധ്യത മേഖലകളിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ചെയ്തു വരികയാണ്. മഴ ശക്തമായി തുടരുമെന്ന മുന്നറിയിപ്പ് ഉള്ളതിനാൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനുള്ള നിർദേശവും വിവിധ ജില്ലകളിലെ കളക്ടർമാർക്ക് നൽകിയിട്ടുണ്ടെന്ന് മന്ത്രി യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
ചാലക്കുടി പുഴയിൽ വെള്ളം ഉയരുകയാണ്. ഇതോടെ പുഴയുടെ തീരത്തുള്ള കനാലുകൾ നിറഞ്ഞ്വെള്ളം കവിഞ്ഞൊഴുകുകയാണ്. തീരത്തുള്ള ആളുകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പെരിങ്ങൽക്കുത്ത് ഡാമിന്റെ ഷട്ടറുകൾ തുറന്ന് അധിക ജലം ഒഴുക്കി വിടുന്നുണ്ട്. അതിരപ്പിള്ളിയിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ചിമ്മിനി ഡാമിന്റെ ഷട്ടറുകളും ഉയർത്തിയിട്ടുണ്ട്. നാല് ഷട്ടറുകളും 7.5 സെന്റീ മീറ്റർ വീതമാണ് ഉയർത്തിയിരിക്കുന്നത്. നേരത്തെ 5 സെന്റീ മീറ്ററായിരുന്നു ഉയർത്തിയിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ കുർമ്മാലി പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
Content Highlights: Kerala remains on high alert after heavy rains – NDRF teams to help in rescue operations