തിരുവനന്തപുരം > അരങ്ങിലും അഭ്രപാളിയിലും വിസ്മയങ്ങള്‍ തീര്‍ത്ത നടന് നെടുമുടി വേണു ഇനി ഓര്മ. മലയാളത്തിന്റെ പ്രിയ നടന്റെ മൃതദേഹം തൈക്കാട് ശാന്തികവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. രാവിലെ പത്ത് മുതല്‍ അയ്യങ്കാളി ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചതിന് ശേഷമായിരുന്നു സംസ്കാര ചടങ്ങുകള്‍. മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെ രാഷ്ട്രീയ-സാംസ്കാരിക- ചലച്ചിത്ര മേഖലകളിലെ നിരവധിപേര്‍ നെടുമുടിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തി. തിങ്കളാഴ്ച രാത്രി തന്നെ മമ്മൂട്ടിയും മോഹന്‍ലാലും വേണുവിന്റെ വട്ടിയൂര്‍ക്കാവിലെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചിരുന്നു.
ഉദരസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ആലപ്പുഴ ജില്ലയിലെ നെടുമുടിയില്‍ പി കെ കേശവന് പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും ഇളയ മകനായി 1948 മെയ് 22ന് ആണ് നെടുമുടി ജനിക്കുന്നത്. നാടകരംഗത്ത് സജീവമായിരിക്കെയാണ് നെടുമുടി സിനിമയില്‍ രംഗ പ്രവേശം ചെയ്യുന്നത്.