തിരുവനന്തപുരം> സംസ്ഥാനത്ത് മഴ കനത്തതോടെ ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഒക്ടോബർ 15 വരെ ശക്തമായ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം.
ഇടുക്കിയിലെ അടക്കം മലയോര മേഖലകളില് രാത്രികാല യാത്ര നിരോധിച്ചു. അട്ടപ്പാടിയിലും ശക്തമായ മഴയാണ്. ചുരത്തിൽ പലയിടത്തും മണ്ണിടിച്ചിലുണ്ടായി.താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്.
കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ 14,15 തീയതികളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടില്ല. അറബിക്കടലിലെ ചക്രവാതച്ചുഴി 3 ദിവസം കൂടി നീണ്ടു നിൽക്കുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ വിലയിരുത്തൽ. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 50 കിലോമീറ്റർ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുണ്ട്.
പത്തനംതിട്ടയിൽ മഴ ശക്തമായി തുടരുകയാണ്. അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയർന്നു. നദീതീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
ഇടുക്കി ജില്ലയിൽ കനത്ത മഴ തുടരുന്നതിൽ മലയോര മേഖലയിൽ മണ്ണിടിച്ചിൽ സാധ്യതയുണ്ട്. ജില്ലയിലൂടെയുള്ള രാത്രിയാത്ര നിരോധിച്ചു കലക്ടർ ഉത്തരവായി. വൈകിട്ട് 7 മുതൽ പുലർച്ചെ 6 വരെയാണ് യാത്രാനിരോധനം.
അവശ്യ സർവീസുകൾക്കും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും നിരോധനം ബാധകമല്ല.
ബുധനാഴ്ച ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും വ്യാഴാഴ്ച ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ, -മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.