അഞ്ചൽ
രണ്ടര വയസ്സുകാരൻ ആർജവിന് അമ്മയുടെ വേർപാടിനെക്കുറിച്ചൊന്നുമറിയില്ല. ഉത്രയുടെ അച്ഛനമ്മമാരും സഹോദരനുമാണ് അവന് എല്ലാം. അവർക്കൊപ്പമാണ് കളികളും കുസൃതികളും. ചുമരിൽ തൂക്കിയിട്ട ചിരിച്ചുനിൽക്കുന്ന അമ്മയുടെ ചിത്രത്തിലേക്ക് അവൻ നോക്കിനിൽക്കുമ്പോൾ വീട്ടുകാരുടെ ഉള്ളിൽ സങ്കടക്കടൽ ഇരമ്പും. അവർക്ക് ആർജവ് ജീവന്റെ ഭാഗമാണ്.
ഏറം വെള്ളേശ്ശേരിൽ വീട്ടിൽ രണ്ടര വയസ്സുകാരൻ ആർജവ് സന്തോഷവാനാണ്. ഉത്രയുടെ അച്ഛൻ വിജയസേനന്റെയും അമ്മ മണിമേഖലയുടെയും സഹോദരൻ വിഷുവിന്റെയും സംരക്ഷണത്തിലാണ് അവൻ. കൂടെ കളിക്കാൻ മുത്തശ്ശനും മുത്തശ്ശിയും മാമനുമുണ്ട്. ഉത്ര മരിക്കുമ്പോൾ ഒരുവയസ്സായിരുന്നു. അന്ന് ധ്രുവ് എന്നായിരുന്നു പേര്. പിന്നീടാണ് മാറ്റിയത്.
ഉത്രയുടെ മരണശേഷം സൂരജും ബന്ധുക്കളും ഒരാഴ്ച ഏറത്തെ വീട്ടിലുണ്ടായിരുന്നു. സ്വത്തുതർക്കത്തെ തുടർന്ന് പിന്നീട് വിജയസേനനെതിരെ ഇവർ അഞ്ചൽ പൊലീസിൽ പരാതി നൽകി. സൂരജിന്റെ കുടുംബം പറക്കോട്ടെ വീട്ടിലേക്ക് പോയപ്പോൾ ആർജവിനെ കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ഉത്രയുടെ വീട്ടുകാർ തടഞ്ഞു. കുഞ്ഞിന്റെ അച്ഛനെന്ന നിലയിൽ അവകാശവാദം ഉന്നയിച്ച് സൂരജ് ചൈൽഡ് ലൈൻ വഴി കുഞ്ഞിനെ വീട്ടിലേക്കു കൊണ്ടുപോയി. എന്നാൽ, സൂരജ് അറസ്റ്റിലായതോടെ കുഞ്ഞിനെ വിട്ടുകിട്ടാൻ ഉത്രയുടെ അച്ഛനമ്മമാർ ചൈൽഡ് ലൈനിനെ സമീപിച്ച് അനുകൂല വിധി നേടി. കുഞ്ഞിനെ ഏറ്റെടുക്കാൻ പൊലീസും ഉത്രയുടെ അമ്മയും സൂരജിന്റെ വീട്ടിൽ എത്തിയെങ്കിലും വിട്ടുകൊടുക്കാതെ മാറ്റിതാമസിപ്പിച്ചു. പിന്നീട് പൊലീസ് ഉത്രയുടെ വീട്ടിലെത്തി കുഞ്ഞിനെ കൈമാറുകയായിരുന്നു.
ഏറം ജങ്ഷനിൽ വിജയസേനൻ നടത്തിയിരുന്ന റബർ വ്യാപാര സ്ഥാപനം മകളുടെ മരണത്തിനുശേഷം തുറന്നിട്ടില്ല. ഗവ. യുപി സ്കൂൾ പ്രധാനാധ്യാപികയായിരുന്ന അമ്മ മണിമേഖല വിരമിച്ചു. സഹോദരൻ വിഷു ബംഗളൂരുവിലെ ബാങ്ക് ജോലിക്ക് പോകാതെ ആർജവിനെ സംരക്ഷിക്കാനും കേസിന്റെ ആവശ്യങ്ങൾക്കുമായി നാട്ടിലുണ്ട്.