മിലാൻ
ഫ്രാൻസിന് കിലിയൻ എംബാപ്പെയുടെ പ്രായശ്ചിത്തം. മൂന്നുമാസംമുമ്പ് യൂറോ കപ്പ് പ്രീ ക്വാർട്ടറിൽ സ്വിറ്റ്സർലൻഡിനെതിരെ ഷൂട്ടൗട്ടിൽ അവസാനകിക്ക് പാഴാക്കി ലോകചാമ്പ്യൻമാരുടെ പുറത്താകലിന് കാരണമായ എംബാപ്പെ, മിലാനിലെ വിഖ്യാതമായ സാൻ സിറോ സ്റ്റേഡിയത്തിൽ ഉയിർത്തെഴുന്നേറ്റു. യുവേഫ നേഷൻസ് ലീഗ് ഫുട്ബോൾ കലാശപ്പോരിൽ സ്പെയ്നിനെതിരെ ഈ ഇരുപത്തിരണ്ടുകാരന്റെ സുന്ദരഗോളിൽ ഫ്രാൻസ് കിരീടംചൂടി (2–-1). കരീം ബെൻസെമയുടെ ഗോളിന് വഴിയൊരുക്കിയതും എംബാപ്പെയാണ്. 2018 ലോകകപ്പ് നേട്ടത്തിനുശേഷം ഇടക്കാലം പതറിയ ഫ്രഞ്ചുകാർ ലോകഫുട്ബോളിലെ ആധിപത്യം വീണ്ടെടുത്തു.
യൂറോയിലെ തിരിച്ചടിയുടെ ആഘാതത്തിലായിരുന്നു ഫ്രാൻസ്. ലോകകപ്പിനുപിന്നാലെ യൂറോയും സ്വപ്നം കണ്ടിറങ്ങിയ ദിദിയർ ദെഷാംപ്സിന്റെ ടീമിന് മിന്നാനായില്ല. അവസാന എട്ടിൽ ഇടംകാണാനാകാതെ പുറത്തായി. ടൂർണമെന്റിൽ ഉടനീളം മങ്ങിയ എംബാപ്പെ സ്വിസ്സിനെതിരായ ഷൂട്ടൗട്ടിൽ പന്ത് പാഴാക്കി. തലകുനിച്ച് വിതുമ്പിയായിരുന്നു മുന്നേറ്റക്കാരൻ അന്ന് കളംവിട്ടത്. പിന്നാലെ രാജ്യാന്തര മത്സരങ്ങളിൽനിന്ന് ചെറിയ ഇടവേളയെടുക്കുകയാണെന്നും എംബാപ്പെ അറിയിച്ചു. നേഷൻസ് ലീഗിനുള്ള ടീമിൽ ദെഷാംപ്സ് ഉൾപ്പെടുത്തുകയായിരുന്നു. സെമിയിൽ ബൽജിയത്തിനെതിരെ കാഴ്ചവച്ച മികവ് ഫൈനലിലും ആവർത്തിച്ചു എംബാപ്പെ. ത്രസിപ്പിച്ച രണ്ടാംപകുതിയിലാണ് കളിയിലെ എല്ലാ ഗോളുകളും പിറന്നത്. 64–-ാംമിനിറ്റിൽ മൈക്കേൽ ഒയർസബാലിലൂടെ സ്പെയ്ൻ മുന്നിലെത്തി. എന്നാൽ, കാത്തിരിക്കാൻ ഫ്രാൻസിന് മനസ്സുണ്ടായില്ല. രണ്ടുമിനിറ്റുകൊണ്ട് അവർ തിരിച്ചടിച്ചു.
എംബാപ്പെ–-ബെൻസെമ സഖ്യത്തിന്റെ ചടുലമായ നീക്കത്തിനൊടുവിൽ സ്പാനിഷ് വലയിൽ പന്തുകയറി. ബെൻസെമയായിരുന്നു സ്കോറർ. അവസാന നിമിഷങ്ങളിൽ കളിക്ക് തീപിടിച്ചു. വേഗമേറിയ പാസുകളിലൂടെ ഇരുടീമുകളും കളംപിടിക്കാനൊരുങ്ങി. പന്തടക്കത്തിൽ ലൂയിസ് എൻറിക്വെയുടെ സ്പെയ്നിനായിരുന്നു മുൻതൂക്കം. എന്നാൽ, മധ്യനിരയിൽ പോൾ പോഗ്ബയുടെ സാന്നിധ്യം ഫ്രഞ്ചുകാർക്ക് തുണയായി. വിയർത്തുകളിച്ചു പോഗ്ബ. ബൽജിയത്തിനെതിരായ വിജയശിൽപ്പി തിയോ ഹെർണാണ്ടസും മിന്നി.
ഈ ഇടതുപ്രതിരോധക്കാരനാണ് എംബാപ്പെയുടെ ഗോളിന് അരങ്ങൊരുക്കിയത്. മികച്ച ഗോളടിക്കാരന്റെ അഭാവമാണ് സ്പെയ്നിന് ഇത്തവണയും നിരാശ സമ്മാനിച്ചത്. മികച്ച പ്രകടനം നടത്തിയിട്ടും സ്പാനിഷ് യുവനിരയ്ക്ക് ലക്ഷ്യം പിഴച്ചു. ഗോൾവലയ്ക്കുകീഴിൽ ഫ്രഞ്ച് ക്യാപ്റ്റൻ ഹ്യൂഗോ ലോറിസും അവർക്ക് വിലങ്ങുതടിയായി.