പെരുമ്പാവൂർ: പെരുമ്പാവൂർ കുന്നുവഴിയിൽ വൻ കഞ്ചാവ് വേട്ട. കൊറിയറിൽ പാഴ്സലായെത്തിയ 31 കിലോഗ്രാം കഞ്ചാവാണ് ജില്ലാ പോലിസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് കോതമംഗലം തെങ്ങളം കാരോട്ടു പുത്തൻപുരയ്ക്കൽ വീട്ടിൽ മുഹമ്മദ് മുനീർ (27), മാറമ്പിള്ളി എം.ഇ.എസ് കോളേജ് റോഡിൽ പത്തനായത്ത് വീട്ടിൽ അർഷാദ് (35) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
പാഴ്സൽ വാങ്ങാനെത്തിയപ്പോൾ കാത്തുനിന്ന പോലീസ് സംഘമാണ് ഇവരെ വളഞ്ഞ് പിടികൂടിയത്. ആന്ധ്രപ്രദേശിൽ നിന്നുമാണ് പാഴ്സൽ എത്തിയിട്ടുളളത്. മൂന്ന്വലിയ പാഴ്സലുകളിലായാണ് കഞ്ചാവ് എത്തിയത്. ഓരോ പാഴ്സലിനകത്തും ചെറിയ കവറുകളിലായാണ് കഞ്ചാവ് പാക്ക് ചെയ്തിരിക്കുന്നത്. എസ്.പി കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പ്രത്യേക ടീം രൂപവത്കരിച്ച് അന്വേഷണം നടത്തുകയായിരുന്നു. നേരത്തേ അങ്കമാലിയിൽ നിന്ന് 105 കിലോഗ്രാമും ആവോലിയിലെ വാടക വീട്ടിൽ നിന്ന്35 കിലോഗ്രാമും കഞ്ചാവ്റൂറൽ പോലിസ് പിടികൂടിയിരുന്നു. ഈ കഞ്ചാവും ആന്ധ്രയിൽ നിന്നും കൊണ്ടുവന്നതാണ്. ഈ കേസിന്റെ അന്വേഷണം നടന്നുവരികയാണ്.
നാർക്കോട്ടിക് സെൽ ഡിവൈഎസ്പി സക്കറിയമാത്യു, ഡിസ്ട്രിക്റ്റ് ആന്റി നാർക്കോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സ് അംഗങ്ങൾ, പെരുമ്പാവൂർ പോലീസ് ഇൻസ്പെക്ടർ രഞ്ജിത്ത് രാജു എന്നിവർ സംയുക്തമായാണ് റെയ്ഡ് നടത്തിയത്. ഇവർക്ക് ഇതിനു മുമ്പും ഇതുപോല കൊറിയർ വന്നിട്ടുണ്ടോയെന്ന കാര്യവും പാഴ്സൽ അയച്ചതിനെക്കുറിച്ചും സമഗ്രമായി അന്വേഷിക്കുമെന്ന് എസ്.പി കെ. കാർത്തിക്ക് പറഞ്ഞു.
Content Highlights: 31 kg cannabis seized from Perumbavoor, two arrested