ആലപ്പുഴ> ”തിരുവനന്തപുരത്തെ വീട്ടില് കണ്ണടച്ചിരുന്നാല് എനിക്ക് പഴയ കുട്ടനാട് കാണാം”– കുട്ടനാടന് ഗ്രാമത്തില് നിന്ന് അഭിനയത്തിന്റെ പടവുകള് കയറിയ നെടുമുടി വേണു ഒരിക്കല് അഭിമുഖത്തില് പറഞ്ഞു. അഭിനയലോകത്ത് തമ്പടിച്ചതോടെ കുട്ടനാട്ടില് നിന്നു പറിച്ചുനടപ്പെട്ടെങ്കിലും വിതയും പറിച്ചുനടലും കൊയ്ത്തും കൊയ്ത്തുപാട്ടും വള്ളംകളിയുടെ ആരവങ്ങളും അദ്ദേഹത്തിന്റെ മനസ്സില് ഉല്സവമേളം തീര്ത്തിരുന്നു. അത്രമേല് പ്രിയമായിരുന്നു അദ്ദേഹത്തിന് ആലപ്പുഴയോടും കുട്ടനാടിനോടും. ചമ്പക്കുളം ശ്രീവിദ്യ കോളേജില് അധ്യാപകനായും ആലപ്പുഴ ജവാഹര് ബാലഭവനില് കുട്ടികളെ നാടകം പഠിപ്പിച്ചും കഴിഞ്ഞ കാലമൊക്കെ അദ്ദേഹത്തിന്റെ ഗൃഹാതുര സ്മരണകളില് നിറഞ്ഞുനിന്നിരുന്നു.
നെടുമുടിയുടെ മിക്ക കഥാപാത്രങ്ങളിലും നിഴലിക്കുന്നത് കുട്ടനാട്ടിലെ മനുഷ്യജീവിതങ്ങളാണ്. അതിനെപ്പറ്റി അദ്ദേഹം പറയുന്നത് ഇങ്ങനെ: കഥാപാത്രം കിട്ടിയാലുടന് കുട്ടനാട്ടിലെ കുട്ടപ്പച്ചേട്ടനെ അനുകരിക്കുകയല്ല, കുട്ടപ്പച്ചേട്ടന് സ്വയം വന്നു കയറുകയാണ്. ഞാനില്ലേടാ ഇവിടെ, പിന്നെ നിനക്കെന്താടാ പ്രശ്നം എന്നു ചോദിക്കും. കുറുപ്പുചേട്ടന്, മണ്ണില് പണിയെടുക്കുന്ന വള്ളന് കുട്ടി തുടങ്ങി ആയിരക്കണക്കിനു കഥാപാത്രങ്ങള് വിളിപ്പുറത്തുണ്ട്.”
അധ്യാപകദമ്പതികളുടെ മകനാണെങ്കിലും ചെറുപ്പത്തില് പഠനത്തേക്കാളേറെ കലയും സംഗീതവുമൊക്കെ നിറഞ്ഞുനിന്ന വീടായിരുന്നു നെടുമുടിയുടേത്. മക്കളെ വാദ്യവും സംഗീതവുമൊക്കെ പഠിപ്പിക്കാന് നെടുമുടിയുടെ അഛന് പി കെ കേശവന് നായര് ഗുരുക്കന്മാരെ വീട്ടില് താമസിപ്പിച്ചിരുന്നു. അഛന് അധ്യാപകനായ നെടുമുടി നായര് സമാജം സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ചമ്പക്കുളം സെന്റ് മേരീസില് ഹൈസ്കൂള് പഠനത്തിനു ചേര്ന്നതോടെ മൃദംഗത്തിലും ഘടത്തിലുമൊക്കെ യുവജനോല്സവത്തില് സമ്മാനങ്ങള് വാരിക്കൂട്ടി.
ആലപ്പുഴ എസ്ഡി കോളേജില് തേര്ഡ് ഗ്രൂപ്പെടുത്ത് പഠിച്ച അദ്ദേഹം പിന്നീട് ബി എ മലയാളത്തിനു ചേര്ന്നു. അവിടെ വച്ചാണ് കലാഭിരുചിയുള്ള രണ്ടുപേരുടെ സൗഹൃദം രൂപമെടുക്കുന്നത്. എക്കണോമിക്സില് പഠിച്ചിരുന്ന ഫാസിലുമായുള്ള സൗഹൃദം സര്ഗ്ഗാത്മകപ്രവര്ത്തനങ്ങള്ക്ക് ഗതിവേഗം പകര്ന്നു. കാലടി ഗോപിയുടെ ‘ഏഴു രാത്രികള്’ എന്ന നാടകത്തില് പാഷാണം വര്ക്കിയായി നെടുമുടി വേഷമിട്ടു. നെടുമുടിയും ഫാസിലും ചേര്ന്ന് എഴുതി അവതരിപ്പിച്ച നാടകത്തിന്റെ വിധികര്ത്താവായി ഒരിക്കല് കാവാലം നാരായണപ്പണിക്കരെത്തി. അങ്ങനെയാണ് നെടുമുടിയുടെ കാവാലം കളരിയിലേക്കുള്ള പ്രവേശം. ഒപ്പം ഫാസിലും ഉണ്ടായിരുന്നെങ്കിലും അദ്ദേഹം കളം വിട്ട് സംവിധാന രംഗത്ത് നിലയുറപ്പിച്ചു.
‘ എനിക്കുശേഷ’മായിരുന്നു കാവാലത്തിനൊപ്പമുള്ള ആദ്യ നാടകം . പിന്നീട് ‘ദൈവത്താര്’. ‘ അവനവന് കടമ്പ’ യുടെ കാലമായപ്പോഴേക്കും കാവാലത്തിന്റെ ‘സോപാനം’ നാടക അരങ്ങ് തിരുവനന്തപുരത്തേക്കു മാറ്റി. ഒപ്പം നെടുമുടിയുടെ തട്ടകവും. കലാകൗമുദിയിലും ഫിലിം മാഗസിനിലുമൊക്കെ പത്രപ്രവര്ത്തകനായതും ‘തമ്പി’ലൂടെ സിനിമയിലേക്കുള്ള കാല്വയ്പുമൊക്കെ പില്ക്കാലചരിത്രം.
കുട്ടനാടിനെയൊര്ത്ത് വേദനിച്ചു
തന്റെ നാട്ടില് റോഡും വാഹനസൗകര്യവും ഏറിയതില് സന്തോഷിക്കുമ്പോഴും കുട്ടനാടിന്റെ പരിസ്ഥിതിക്കുണ്ടാകുന്ന ആഘാതം അദ്ദേഹത്തെ എപ്പോഴും വേദനിപ്പിച്ചു. സ്വാഭാവിക നീരൊഴുക്കിനെ തടയുന്ന നിര്മ്മാണങ്ങളും പാടത്തെ അമിത കീടനാശിനി പ്രയോഗവും നൂറുകണക്കിന് ഹൗസ് ബോട്ടുകളിലെ ഡീസലും മറ്റും വേമ്പനാട്ടുകായലില് കലരുന്നതുമെല്ലാം അദ്ദേഹത്തെ ഉത്ക്കണ്ഠാകുലനാക്കി. വെളളം കെട്ടിക്കിടന്ന് കൊതുകുകള് വര്ധിക്കുന്നതും പകര്ച്ച വ്യാധികളുടെ കേന്ദ്രമായി കുട്ടനാട് മാറുന്നതും വെള്ളത്തിന്റെ മലിനീകരണം മല്സ്യങ്ങളുടെ ആവാസവ്യവസ്ഥയെ തകര്ക്കുന്നതുമെല്ലാം വിവരിക്കുമ്പോള് അദ്ദേഹം വികാരാധീനനാകുമായിരുന്നു.