ദുബായ്: ഏറെ നാളുകൾക്ക് ശേഷം ‘ഫിനിഷർ’ ധോണിയെ കണ്ട ആവേശത്തിലാണ് ലോകമെമ്പാടുമുള്ള ധോണി ആരാധകർ. ഒരിക്കൽ കൂടി മികച്ച ഫിനിഷിങിലൂടെ ധോണി ചെന്നൈ സൂപ്പർ കിങ്സിനെ ഫൈനലിൽ എത്തിച്ചത് എല്ലാ ക്രിക്കറ്റ് പ്രേമികൾ ആവേശത്തോടെയാണ് കണ്ടത്.
ഡൽഹി ക്യാപിറ്റൽസിനെതിരായ ആദ്യ പ്ലേഓഫ് ക്വാളിഫയർ മത്സരത്തിൽ അവസാന ഓവറിൽ മൂന്ന് പന്തുകർ ബൗണ്ടറി കടത്തിയാണ് ധോണി ചെന്നൈയെ ഫൈനലിൽ എത്തിച്ചത്.ധോണിയുടെ ‘സൂപ്പർ ഫിനിഷിങ്ങിൽ’ ആവേശം കൊണ്ട ആരാധകർ സോഷ്യൽ മീഡിയ കൈയടക്കുന്ന കാഴ്ചയാണ് ഇന്നലെ രാത്രി കണ്ടത്. ആ കൂട്ടത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ക്യപ്റ്റൻ വിരാട് കോഹ്ലിയുമുണ്ട്.
ധോണിയുടെ ഫിനിഷിങ് ഒരിക്കൽ കൂടി ഇരിപ്പിടത്തിൽ നിന്നും ചാടി എണീക്കാൻ പ്രേരിപ്പിച്ചു എന്നാണ് കോഹ്ലി മത്സരശേഷം ട്വീറ്റ് ചെയ്തത്. “ആൻഡഡ് ദി കിംഗ് ഈസ് ബാക്ക്, ഗെയിമിലെ എക്കാലത്തെയും മികച്ച ഫിനിഷർ. ഇന്ന് രാത്രി ഒരിക്കൽ കൂടി എന്റെ ഇരിപ്പിടത്തിൽ നിന്നും ചാടി എണീക്കാൻ എന്നെ പ്രേരിപ്പിച്ചു.” കോഹ്ലി കുറിച്ചു.
ഈ മാസം അവസാനം ദുബായിൽ നടക്കുന്ന ടി 20 ലോകകപ്പിനായി കോഹ്‌ലിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ടീം ഇറങ്ങുമ്പോൾ ധോണിയായിരിക്കും ടീമിന്റെ ഉപദേഷ്ടാവ്.
ഇന്നലത്തെ മത്സരത്തിൽ ഡൽഹി കാപിറ്റൽസിനെ നാല് വിക്കറ്റിനാണ് ചെന്നൈ സൂപ്പർ കിങ്സ് പരാജയപ്പെടുത്തിയത്. ഡൽഹി ഉയർത്തിയ 173 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ചെന്നൈ 20 ഓവർ അവസാനിക്കാൻ രണ്ട് പന്ത് ബാക്കി നിൽക്കെയാണ് വിജയം നേടിയത്. അവസാന ഓവറിലെ നാലാമത്തെ പന്ത് ധോണി ബൗണ്ടറി നേടിയതോടെ ചെന്നൈ ആറ് വിക്കറ്റ് നഷ്ടത്തിൽ 173 റൺസെന്ന സ്കോർ നേടി വിജയമുറപ്പിക്കുകയായിരുന്നു.
ഓപ്പണർ ഋതുരാജ് ഗെയ്ക്ക്വാദും മൂന്നാമനായി ഇറങ്ങിയ റോബിൻ ഉത്തപ്പയുമാണ് അർദ്ധസെഞ്ചുറികളിലൂടെ ചെന്നൈയുടെ ജയത്തിന് അടിത്തറയേകിയത്. ഗെയ്ക്ക്വാദ് 50 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്സറും അടക്കം 70 റൺസ് നേടി. ഉത്തപ്പ 44 പന്തിൽ ഏഴ് ഫോറും രണ്ട് സിക്സും അടക്കം 63 റൺസ് നേടി.
മറ്റുള്ളവരിൽ അവസാന ഓവറുകളിൽ ധോണി 18 റൺസും മോയീൻ അലി 16 റൺസും നേടിയതൊഴിച്ചാൽ മറ്റാർക്കും റൺസ് രണ്ടക്കം തികയ്ക്കാൻ കഴിഞ്ഞില്ല.
നേരത്തെ ഡൽഹിക്ക് വേണ്ടി ഓപ്പണർ പൃഥ്വി ഷായും കാപ്റ്റൻ റിഷഭ് പന്തും അർദ്ധ സെഞ്ചുറി നേടി. പൃഥ്വി ഷാ 34 പന്തിൽ ഏഴ് ഫോറും മൂന്ന് സിക്സറുമടക്കം 60 റൺസ് നേടി. അഞ്ചാമനായി ഇറങ്ങിയ റിഷഭ് പന്ത് പുറത്താവാതെ 35 പന്തിൽ മൂന്ന് ഫോറും രണ്ട് സിക്സും അടക്കം 51 റൺസ് നേടി. ഇതാണ് മികച്ച സ്കോറിലെത്താൻ ഡൽഹിയെ സഹായിച്ചത്.
The post ‘ദി കിങ് ഈസ് ബാക്ക്’; ധോണിയുടെ ഫിനിഷിങ്ങിനെ അഭിനന്ദിച്ച് കോഹ്ലി appeared first on Indian Express Malayalam.