തൃശൂർ > കേരളത്തിന്റെ സ്വന്തമായിരുന്ന കാത്തലിക് സിറിയൻ ബാങ്ക് ഇനി ‘കനേഡിയൻ’ കുത്തക ബാങ്ക്. സ്വകാര്യ വിദേശ നിയന്ത്രണ നടപടികൾ പൂർത്തിയായതോടെ ബാങ്ക് കമ്പോള രൗദ്രഭാവം പുറത്തെടുക്കാൻ തുടങ്ങി. ശാഖകളും ജീവനക്കാരെയും വെട്ടിക്കുറച്ചും സാധാരണ ഇടപാടുകാരെ പുറന്തള്ളിയും കോർപറേറ്റ് വായ്പകൾക്ക് മുൻഗണന നൽകിയുമാണ് തനിനിറം പുറത്തുകാട്ടുന്നത്.
കേന്ദ്രസർക്കാരിന്റെ ഒത്താശയോടെ സിഎസ്ബി ബാങ്കിന്റെ 51 ശതമാനം ഓഹരികൾ ക്യാനഡയിലെ ഫെയർ ഫാക്സ് കമ്പനിയാണ് സ്വന്തമാക്കിയത്.
രാജ്യത്ത് ആദ്യമായാണ് ഒരു ബാങ്കിന്റെ 50 ശതമാനത്തിനുമുകളിൽ ഓഹരി വിദേശകമ്പനി കൈക്കലാക്കുന്നത്. സ്വകാര്യ ബാങ്കുകളിൽ 74ശതമാനം വരെ വിദേശ ഓഹരി പങ്കാളിത്തം അനുവദിക്കുമെന്ന കേന്ദ്രസർക്കാർ തീരുമാനമാണ് ഇതിന് വഴിതുറന്നത്.
1920ൽ തൃശൂരിലെ സിറിയൻ കാത്തലിക് വിഭാഗത്തിന് ഗണ്യമായ ഓഹരിയും നിയന്ത്രണവുമുണ്ടായിരുന്ന ബാങ്കാണിത്. 1200 കോടി രൂപ മുതൽ മുടക്കി 35,000 കോടിയായിരുന്നു ബിസിനസ്. 2018 മാർച്ച് 21ന് പ്രത്യേക ബാങ്ക് ജനറൽ ബോഡി യോഗം ചേർന്നാണ് ഓഹരികൾ വിൽക്കാൻ തീരുമാനിച്ചത്.
സിഎസ്ബിയിലെ നീക്കങ്ങൾ ഭാവിയിൽ ഏറെ പ്രത്യാഘാതമുണ്ടാക്കുമെന്ന് ബെഫി സംസ്ഥാന പ്രസിഡന്റ് ടി നരേന്ദ്രൻ പറഞ്ഞു. നവസ്വകാര്യബാങ്കുകൾ തകർന്നടിയുമ്പോൾ കുത്തകകൾ നിലവിലുള്ള ബാങ്കുകൾ കൈക്കലാക്കി ഘടന മാറ്റിയെടുക്കുകയാണ്. മറ്റു സ്വകാര്യ ബാങ്കുകളിലും ഇത് വ്യാപിപ്പിക്കാനാണ് ലക്ഷ്യം.
1994ൽ തായ്ലൻഡ് ആസ്ഥാനമായ ചൗള ഗ്രൂപ്പ് സിഎസ്ബിയുടെ 36 ശതമാനം ഓഹരി കൈക്കലാക്കിയിരുന്നു. അന്ന് കേരളത്തിലെ രാഷ്ട്രീയ നേതൃത്വവും ബിഷപ്പുൾപ്പെടെ തൃശൂർ പൗരാവലിയും ചെറുത്തു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും എതിർത്തു. വ്യവഹാരങ്ങളും നടന്നു. അവസാനം ചൗള ഗ്രൂപ്പിന് ഒഴിയേണ്ടിവന്നു. അത്തരം ജനകീയപോരാട്ടങ്ങൾക്ക് തുടക്കംകുറിച്ചതായും ടി നരേന്ദ്രൻ പറഞ്ഞു.