കൽപ്പറ്റ > എൻഡിഎ സ്ഥാനാർഥിയാകാൻ സി കെ ജാനുവിന് 35 ലക്ഷം രൂപ കോഴ നൽകിയെന്ന കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ ശബ്ദസാമ്പിൾ തിങ്കളാഴ്ച പരിശോധിക്കും. ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെ തുടർന്നാണ് നടപടി.
രണ്ടാഴ്ച മുമ്പാണ് അന്വേഷകസംഘം ശബ്ദസാമ്പിൾ നൽകാൻ കെ സുരേന്ദ്രനും സാക്ഷി പ്രസീത അഴീക്കോടിനും നോട്ടീസ് നൽകിയത്. സുരേന്ദ്രൻ കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിലെത്തി ശബ്ദ സാമ്പിൾ നൽകണം. ശാസ്ത്രീയ പരിശോധനക്കുള്ള അന്വേഷക സംഘത്തിന്റെ അപേക്ഷയിലാണ് ബത്തേരി കോടതി ഉത്തരവ്.
കേസിലെ നിർണായക നടപടിയാണിത്. സുരേന്ദ്രൻ ഒന്നാം പ്രതിയും പ്രസീത സാക്ഷിയുമാണ്. കേസിൽ രണ്ടാം പ്രതിയാണ് സി കെ ജാനു. പണം കൈമാറിയ ബത്തേരിയിലെ ഹോം സ്റ്റേയിലും തിരുവനന്തപുരത്തെ ഹോട്ടലിലും ക്രൈം ബ്രാഞ്ച് തെളിവെടുപ്പ് നടത്തി. ബിജെപി ജില്ലാ പ്രസിഡന്റിനെയുൾപ്പെടെ ചോദ്യം ചെയ്തു. സി കെ ജാനുവിന്റെ വീട്ടിൽ പരിശോധന നടത്തി രേഖകളും ഫോണുകളു പിടിച്ചെടുത്തു.
ശബ്ദപരിശോധനക്ക് ശേഷം കെ സുരേന്ദ്രനെ ചോദ്യംചെയ്യാനാണ് അന്വേഷകസംഘത്തിന്റെ തീരുമാനം.