മിലാൻ > ലോക ഫുട്ബോളിൽ ഫ്രഞ്ച് ആധിപത്യം തുടരുന്നു. യുവേഫ നേഷൻസ് ലീഗ് ഫുട്ബോൾ കിരീടം ഫ്രാൻസിന്. ആവേശകരമായ ഫൈനലിൽ ലോക ചാമ്പ്യൻമാർ ഒന്നിനെതിരെ രണ്ട് ഗോളിന് സ്പെയിനിനെ തോൽപിച്ചു.
ഗോളില്ലാത്ത ആദ്യ പകുതിക്ക് ശേഷമായിരുന്നു മൂന്ന് ഗോളും. 64–-ാം മിനിറ്റിൽ മൈക്കൽ ഒയർസബാലിലൂടെ സ്പെയ്നാണ് ആദ്യം മുന്നിലെത്തിയത്. രണ്ട് മിനിറ്റിനുള്ളിൽ കരീം ബെസൻമയിലൂടെ ഫ്രാൻസ് തിരിച്ചടിച്ചു. കളി അവസാനിക്കാൻ പത്ത് മിനിറ്റ് ബാക്കിയുള്ളപ്പോൾ കിലിയൻ എംബാപ്പെയാണ് വിജയഗോൾ നേടിയത്.
മൂന്നാംസ്ഥാനക്കാരുടെ കളിയിൽ ഇറ്റലിക്ക് ജയം. 2–-1ന് ബൽജിയത്തെ തോൽപ്പിച്ചു. നിക്കോളോ ബറെല്ലയും ഡൊമെനികോ ബെറാർഡിയും ഇറ്റലിക്കായി ഗോളടിച്ചു. കളിയവസാനം ചാൾസ് ഡി കെറ്റെലാറെയാണ് ബൽജിയത്തിന്റെ ആശ്വാസം കണ്ടെത്തിയത്. മത്സരത്തിലുടനീളം മികച്ച രക്ഷപ്പെടുത്തലുകൾ നടത്തി ഇറ്റാലിയൻ ഗോൾകീപ്പർ ജിയാൻല്യൂജി ദൊന്നരുമ മിന്നി.