പ്രേഗ് > ചെക്ക് റിപ്പബ്ലിക് പാർലമെന്റ് തെരഞ്ഞെടുപ്പിൽ വൊട്ടെണ്ണൽ അവസാനഘട്ടത്തിലെത്തിയപ്പോൾ ഭരണകക്ഷിക്ക് പരാജയം. പ്രധാനമന്ത്രി ആൻഡ്രെജ് ബാബിയുടെ വിദേശനിക്ഷേപ ഇടപാടുകൾ പൻഡോറ റിപ്പോർട്ടിലൂടെ പുറത്തുവന്ന് ദിവസങ്ങൾക്കകമായിരുന്നു വോട്ടെടുപ്പ്. ബാബിയുടെ എഎൻഒ പാർടി (യെസ് പാർടി) 27.1 ശതമാനം വോട്ട് നേടിയപ്പോൾ എതിർത്ത് മത്സരിച്ച ത്രികക്ഷി ലിബറൽ കൺസർവേറ്റീവ് മുന്നണി 27.8 ശതമാനം വോട്ട് നേടി.
പൈറേറ്റ് പാർടി, മേയർമാരുടെ സംഘടന സ്റ്റാൻ എന്നിവ ചേർന്നുള്ള മുന്നണിക്ക് 15.6 ശതമാനം വോട്ടും ലഭിച്ചു. ഇതോടെ ഇരു മുന്നണിയും ചേർന്ന് സർക്കാർ രൂപീകരിക്കാനുള്ള സാധ്യതയും തെളിഞ്ഞു.
അതേസമയം, ശാരീരിക അസ്വസ്ഥതയെ തുടർന്ന് പ്രസിഡന്റ് മിലോസ് സെമാനെ ഞായറാഴ്ച സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിശദവിവരം അറിവായിട്ടില്ല. ആഴ്ചകൾക്കുള്ളിൽ രണ്ടാംതവണയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.