കൊച്ചി: മുൻപ്നഗരങ്ങളിൽ മാത്രമായിരുന്നു ഓപ്പൺ ജിം ഒക്കെ ഉണ്ടായിരുന്നത്. ഇന്നിപ്പോൾ കുമ്പളങ്ങിയിലും വന്നപ്പോൾ ഇവിടെയുള്ളവരെല്ലാം വലിയ ആവേശത്തിലാണ്- കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് ലീജാ തോമസ് ബാബുപറയുന്നു. കുമ്പളങ്ങിയുടെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് ശരീര സംരക്ഷണം നടത്തുകയാണ് ഇപ്പോൾ കുമ്പളങ്ങിയിലേയും പരിസരത്തേയും ജനങ്ങൾ.
ഓപ്പൺ ജിമ്മിൽ ശരീര സംരക്ഷണം, മുൻപിൽ കായലും ചീനവലയുമൊക്കെയായി പ്രകൃതി സൗന്ദര്യം ആവോളം ആസ്വദിക്കുകയും ചെയ്യാം. ഇതാണ് മറ്റ് ഓപ്പൺ ജിമ്മുകളിൽ നിന്ന് കുമ്പളങ്ങിയിലെ ഓപ്പൺ ജിമ്മിനെ വ്യത്യസ്തമാക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ അടച്ചുപൂട്ടലിന്റെ വക്കിലായിരുന്നു കുമ്പളങ്ങിയിലെ പാർക്ക്. പിന്നീട് എങ്ങനെയും പാർക്കിനെ പൂർവ സ്ഥിതിയിലേക്ക് കൊണ്ടുവരണമെന്ന ആലോചനയിലാണ് ഓപ്പൺ ജിം എന്ന ആശയം ഉണ്ടായത്. അങ്ങനെ ഹൈബി ഈഡൻ എം പിയുടെ സഹായത്തോടെ കൊച്ചിൻ ഷിപ്പിയാർഡിന്റെ സി എസ് ആർ ഫണ്ട് ഉപയോഗിച്ചാണ് ജിം തയാറാക്കിയത്. ഇക്കഴിഞ്ഞ ചിങ്ങം ഒന്നിനാണ് കുമ്പളങ്ങിയിൽ ഓപ്പൺ ജിം പ്രവർത്തനമാരംഭിച്ചത്.
നാട്ടിൻപുറമായതുകൊണ്ടൊന്നും ആരും മടിച്ചു നിൽക്കുന്നില്ല. സ്ത്രീകളും പുരുഷന്മാരും എത്തിച്ചേരുന്നുണ്ട്. സ്ത്രീകൾ രാവിലേയും വൈകുന്നേരവും എത്താറുണ്ട്. അടുത്ത സ്ഥലങ്ങളിലുള്ളവരൊക്കെ ഇപ്പോൾ ഇവിടേക്ക് വരുന്നുണ്ട്. പാർക്കിൽ നടക്കാൻ വരുന്നവരൊക്കെ ഇപ്പോൾ ഓപ്പൺ ജിം ഉപയോഗിക്കുന്നുണ്ട്. പഞ്ചായത്തിന് മറ്റ് വരുമാന മാർഗങ്ങളൊന്നും ഇല്ലാത്തതിനാൽ ഇത് ഒരു വരുമാനമാർഗമായി മാറുമെന്ന പ്രതീക്ഷയിലാണ്.- പഞ്ചായത്ത് പ്രസിഡന്റ് ലീജാ തോമസ് ബാബു പറഞ്ഞു.
കോവിഡ് കാലമായതിനാൽ ജിമ്മിൽ വരുന്നവർ തന്നെ സാനിറ്റൈസൊക്കെ ചെയ്താണ് ഇപ്പോൾ ഓപ്പൺ ജിം ഉപയോഗിക്കുന്നത്. പാർക്ക് മുഴുവൻ സമയവും തുറന്ന് കിടക്കുന്നതിനാൽ സാമൂഹിക വിരുദ്ധരുടെ ശല്യവും ഉണ്ട്. ഇത് കൂടി കണക്കാക്കി നവംബറോടുകൂടി പാർക്ക് നടത്തിപ്പിനായി കരാർ കൊടുക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ പഞ്ചായത്ത്. കുട്ടികൾക്കു കൂടിയുള്ള ഉപകരണങ്ങൾ പാർക്കിൽ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ നാടൻവിഭവങ്ങൾ ഒരുക്കുന്ന ഭക്ഷണശാലയും ഇവിടെ ഒരുക്കുന്നുണ്ട്.
Content Highlights:Kumbalangy panchayath opens opened gym at Kumbalangy