ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) കാലാശപ്പോരാട്ടത്തിന് ആര് ആദ്യം യോഗ്യത നേടുമെന്ന് ഇന്നറിയാം. ക്വാളിഫയര്‍ ഒന്നില്‍ മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും.
ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാമതായാണ് ഡല്‍ഹി ഫിനിഷ് ചെയ്തത്. കളിച്ച 14 മത്സരങ്ങളില്‍ 10 എണ്ണവും ജയിക്കാനായി. റിഷഭ് പന്ത് നയിക്കുന്ന യുവനിര എത്രത്തോളം സന്തുലിതവും സ്ഥിരതയും പുലര്‍ത്തുന്നുണ്ട് എന്നത് ഇതില്‍ നിന്ന് തന്നെ വ്യക്തമാണ്.
അനായാസം പ്ലേ ഓഫില്‍ എത്തിയ ചെന്നൈയ്ക്ക് കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ തോല്‍വി നേരിടേണ്ടി വന്നു. പക്ഷെ നിര്‍ണായക ഘട്ടങ്ങളിലെ ചെന്നൈയുടെ മികവ് അസാധ്യമാണ്. കളിച്ച 12 സീസണില്‍ 11 തവണയും അവസാന നാലില്‍ എത്തിയവരാണ് എം.എസ് ധോണിയും കൂട്ടരും.
പരിചയസമ്പന്നരുടെ കൂട്ടമാണ് ചെന്നൈയുടെ കരുത്ത്. റിതുരാജ് ഗയ്ക്വാദിനെ മാറ്റി നിര്‍ത്തിയാല്‍ ഈ സീസണില്‍ യുവതാരങ്ങളെ സംഭാവന നല്കാന് ചെന്നൈയ്ക്ക് കഴിഞ്ഞിട്ടില്ല. രവീന്ദ്ര ജഡേജ, സുരേഷ് റെയ്ന, ഫാഫ് ഡൂപ്ലെസി, അമ്പട്ടി റായുഡു, ഡ്വയന്‍ ബ്രാവോ എന്നിവരടങ്ങിയ നിരയിലാണ് ധോണിക്ക് കൂടുതല്‍ വിശ്വാസം. അത് ഇതുവരെ തെറ്റിയിട്ടുമില്ല.
മത്സരം പ്രതികൂലമാണെങ്കിലും അനുകൂലമാണെങ്കിലും ഒരേ പോലെ സമീപിക്കാന്‍ കഴിവുള്ള താരങ്ങളാണ് ഇവരെല്ലാം. ചെന്നൈയുടെ മൂന്ന് കിരീടങ്ങള്‍ അതിന്റെ കൂടി തെളിവാണ്. വിദേശ താരങ്ങളായ മൊയീന്‍ അലി, ജോഷ് ഹെയ്സല്‍വുഡ് എന്നിവരും ചേരുന്നതോടെ ചെന്നൈ സന്തുലിതാമാകുന്നു.
ചെന്നൈയുടെ ഇതിഹാസങ്ങളായ ധോണിയും റെയ്നയും ഇത്തവണ ഫോമിലേക്ക് ഉയര്‍ന്നില്ലെങ്കിലും ഡൂപ്ലെസി ഗെയ്ക്വാദ്, ജഡേജ എന്നിവരുടെ പ്രകടനമാണ് മുന്‍ ചാമ്പ്യന്മാര്ക്ക് തുണയായത്. ഓപ്പണര്‍മാരായ ഡൂപ്ലെസിയും ഗയ്ക്വാദും അഞ്ഞൂറിലധികം റണ്‍സ് ഇതിനോടകം തന്നെ ഐപിഎല്ലില്‍ നേടി. ഫിനിഷറിന്റെ ചുമതല വഹിക്കുന്ന ജഡേജയുടെ സമ്പാദ്യം 227 റണ്‍സാണ്.
ബോളിങ്ങിലേക്കെത്തുമ്പോള് 18 വിക്കറ്റുകളുമായി ശര്‍ദൂല്‍ താക്കൂറാണ് ചെന്നൈക്കായി മിന്നുന്നത്. പക്ഷെ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ മടിയില്ലാത്ത താക്കുര്‍ വില്ലനാകാനുള്ള സാധ്യതകളും ഉണ്ട്. 12 വിക്കറ്റുമായ ബ്രാവോയാണ് ചെന്നൈ നിരയിലെ രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരന്. സീസണില്‍ ഹെയ്സല്‍വുഡിന് ഫോമിലേക്ക് ഉയരാന്‍ സാധിച്ചിട്ടില്ല എന്നത് പോരായ്മയാണ്.
ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ബാറ്റിങ് കരുത്തും ഓപ്പണര്‍മാര്‍ തന്നെയാണ്. ശിഖര്‍ ധവാനും പൃഥ്വി ഷായും ഫോമിലാണെങ്കിലും വലിയ സ്കോറിലേക്ക് എത്താന്‍ സാധിച്ചിട്ടില്ല. ധവാന് ഇതുവരെ 544 റണ്‍സും ഷാ 401 റണ്‍സും നേടി. നായകന് പന്തിന്റെ സമ്പാദ്യം 362 റണ്‍സാണ്. ശ്രേയസ് അയ്യരുടെ സാന്നിധ്യവും യുവനിരയുടെ കരുത്ത് കൂട്ടുന്നു.
ബോളിങ് നിരയാണ് ഡല്‍ഹിയുടെ മുതല്‍കൂട്ട്. ഇത്തവണ ഡെത്ത് ഓവറുകളില്‍ അതിശയിപ്പിക്കുന്ന പ്രകടനമാണ് ഡല്‍ഹി ബോളര്‍മാര്‍ കാഴ്ച വച്ചത്. ആവേശ് ഖാന് (22 വിക്കറ്റ്), അക്സര്‍ പട്ടേല്‍ (15 വിക്കറ്റ്), കഗീസോ റബാഡ (13 വിക്കറ്റ്) എന്നിവരാണ് മികവ് പുലര്‍ത്തിയത്. ആറ് കളികളില്‍ നിന്ന് ഒന്‍പത് വിക്കറ്റ് നേടി അന്റിച്ച് നോര്‍ജയും ബോളിങ് നിരയുടെ ശക്തി വര്‍ധിപ്പിക്കുന്നു.
Also Read: കൂട്ടായ പരിശ്രമത്തിന്റെ തെളിവാണ് കഴിഞ്ഞ ആറ് വര്‍ഷങ്ങള്‍, അഭിമാനിക്കുന്നു: രോഹിത്
The post IPL 2021 Quaifier 1, DC vs CSK: പരിചയസമ്പന്നര്‍ക്ക് യുവനിരയുടെ പരീക്ഷണം appeared first on Indian Express Malayalam.