തിരുവനന്തപുരം
ബിജെപി ദേശീയ നേതൃത്വത്തിലുള്ള സ്വാധീനം ഉപയോഗിച്ച് സംസ്ഥാനത്ത് പിടിമുറുക്കിയെങ്കിലും വി മുരളീധരൻ–-കെ സുരേന്ദ്രൻ പക്ഷം നേരിടാൻ പോകുന്നത് കനത്ത വെല്ലുവിളി. പ്രമുഖരടക്കം പാർടി വിടുമെന്ന പ്രചാരണം രൂക്ഷമായിരിക്കെയാണ് ശക്തമായ താക്കീതുമായി ശോഭ സുരേന്ദ്രന്റെ പ്രസ്താവന.
സ്ഥാനങ്ങളിൽനിന്ന് നീക്കിയാലും ഭയപ്പെടുത്തിയാലും നിലപാട് മാറ്റില്ലെന്ന് ശോഭ തുറന്നടിച്ചു. ‘ഹിരണ്യകശ്യപുവിന്റെ ഒരു ഭീഷണിയും പ്രഹ്ലാദന്റെയടുത്ത് വിലപ്പോയില്ല’ എന്ന എഫ്ബി പോസ്റ്റിലെ മുന സുരേന്ദ്രനുള്ളതാണ്. മുരളിപക്ഷത്തിന്റെ വേട്ടയാടൽ എതിർപക്ഷത്തുള്ളവരുടെ വീട് കയറി ആക്രമിക്കുന്നതിൽവരെ എത്തിയെന്ന് കൃഷ്ണദാസ് പക്ഷത്തെ പ്രമുഖ നേതാവ് പറഞ്ഞു. ശോഭ സുരേന്ദ്രന്റെ കൂടെ നിന്നതിന് കഴക്കൂട്ടത്തെ പ്രാദേശിക നേതാവിനെ വീട് കയറി ആക്രമിച്ചു. കാർ കത്തിച്ചു.
സുരേന്ദ്രൻ പിടിമുറുക്കിയശേഷം പാർടിയിൽ പൂർണമായും തഴയപ്പെട്ട നേതാവാണ് ശോഭ. ദേശീയ നേതാക്കളുടെ ഇടപെടലിനെത്തുടർന്ന് കഴക്കൂട്ടത്ത് സീറ്റ് നൽകിയെങ്കിലും വൻ പരാജയമേറ്റു വാങ്ങി. ‘ഭേഷാ’യി ജയിക്കുമെന്നാണ് അന്ന് സുരേന്ദ്രപക്ഷം പ്രചരിപ്പിച്ചത്. ഇടക്കാലത്ത് പാർടി അധ്യക്ഷസ്ഥാനത്തേക്കുവരെ ശോഭയുടെ പേര് വന്നിരുന്നു. ദേശീയ വനിതാ കമീഷൻ അധ്യക്ഷയായി പരിഗണിക്കുന്നവരുടെ കൂട്ടത്തിലും പേരുണ്ടായിരുന്നു. മഹിളാ മോർച്ച ദേശീയ അധ്യക്ഷയാക്കാനുള്ള ശ്രമവും വി മുരളീധരന്റെ നേതൃത്വത്തിൽ പൊളിച്ചു. മുൻ ഗവർണർ പി സദാശിവത്തിനെതിരെ ശോഭ പ്രസംഗിച്ചെന്നു പറഞ്ഞ് ദേശീയ നേതൃത്വത്തിൽ അതൃപ്തിയുണ്ടാക്കി. കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡിയെക്കൊണ്ട് ശോഭയ്ക്കെതിരെ അന്ന് പറയിപ്പിച്ചതും മുരളീധരന്റെ കുത്തിത്തിരിപ്പിന്റെ ഭാഗമാണെന്ന് കൃഷ്ണദാസ് പക്ഷത്തെ നേതാക്കൾ പറയുന്നു.
എപ്പോഴും അടികൊണ്ട് പിന്മാറേണ്ട കാര്യമില്ലെന്ന നിലപാടിലാണ് സുരേന്ദ്രവിരുദ്ധ നേതാക്കൾ. ഇവർ പരസ്യ പ്രതിഷേധത്തിലേക്ക് നീങ്ങും. അധികാരത്തിന്റെ ശീതളഛായയിൽ മയങ്ങുന്നവർ പ്രവർത്തകരുടെ വികാരം കാണണമെന്ന് സൂചിപ്പിച്ച് എം ടി രമേശ് അടുത്തിടെ പോസ്റ്റിട്ടു. കെ സുരേന്ദ്രനെ മാറ്റണമെന്ന് പി പി മുകുന്ദൻ പറഞ്ഞു.