തൃശൂർ
അയർലൻഡിലെ നിഗൂഢത നിറഞ്ഞ കൊലപാതകത്തിന്റെ കഥ പറയുന്ന നോവൽ… ത്രില്ലടിപ്പിക്കുന്ന രംഗങ്ങൾ. വായനക്കാരെ ക്രൈം ത്രില്ലറിന്റെ വിവിധതലങ്ങളിലേക്ക് കൈപിടിച്ചുനടത്തുന്ന എഴുത്തുകാരൻ ജോഷ്വ ബിജോയിക്ക് പക്ഷേ, പ്രായം 11 മാത്രം. പുണെയിൽ താമസിക്കുന്ന മലയാളിയായ ഈ ആറാം ക്ലാസുകാരന്റെ ഇംഗ്ലീഷ് നോവൽ “മർഡർ അറ്റ് ദി ലീക്കി ബാരൽ’ കിൻഡിൽ ഇ ബുക്ക് വിഭാഗത്തിൽ ലോകത്ത് ഏറ്റവും കൂടുതൽ വിൽപ്പനയുള്ള പുസ്തകമായി മാറിയിരിക്കുകയാണ്.
2020ലെ ലോക്ഡൗൺ ആരംഭത്തിലാണ് ക്രൈം ത്രില്ലർ നോവൽ ജോഷ്വ എഴുതിത്തുടങ്ങിയത്. 2021ൽ ചിൽഡ്രൻസ് ക്രൈം ആൻഡ് ത്രില്ലർ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച ആദ്യദിവസം തന്നെ കിൻഡിൽ ഇ ബുക്ക് വിഭാഗത്തിൽ ബെസ്റ്റ് സെല്ലറായി മാറി. അയർലൻഡ് പശ്ചാത്തലം നോവലിലേക്ക് പകർത്താൻ ഗൂഗിൽ മാപ്പാണ് സഹായിച്ചത്. എഴുത്തുകാരിയായ അമ്മ സുമ സണ്ണിയുടെ പ്രോത്സാഹനവും മുതൽക്കൂട്ടായി.
ഓൺലൈൻ ക്ലാസിനു ശേഷം രാത്രിയായിരുന്നു എഴുത്ത്. മലയാളി എഴുത്തുകാരുടെ കൂട്ടായ്മയായ “ബുക്സ്തകം’ ആണ് നോവൽ പ്രസിദ്ധീകരിച്ചത്. അമേരിക്കയിലും ക്യാനഡയിലും ആമസോൺ കിൻഡിൽ ഹോട്ട് ന്യൂ വിഭാഗത്തിൽ മുൻനിരയിലെത്തി. നിലവിൽ ആമസോണിൽ ചിൽഡ്രൻസ് ഡിക്ടറ്റീവ് ബുക്ക്സിൽ ഒന്നാംസ്ഥാനത്തും ഇന്റർ നാഷണൽ മിസ്ട്രി ആൻഡ് ക്രൈം വിഭാഗത്തിൽ മുൻനിരയിലുമുണ്ട്.
നോവലിന്റെ മലയാളം പതിപ്പ് തൃശൂർ കറന്റ് ബുക്സ് ഉടൻ പുറത്തിറക്കും. ഓഡിയോ പതിപ്പും ഉടനിറങ്ങും. രണ്ട് പുസ്തകങ്ങൾകൂടി പൂർത്തിയാക്കിയിട്ടുണ്ട് ഈ കൊച്ചുമിടുക്കൻ. പുണെ ഐസറിൽ അസോ. പ്രൊഫസർ കോട്ടയം സ്വദേശി ബിജോയി തോമസാണ് അച്ഛൻ. അമ്മ സുമ തൃശൂർ സ്വദേശിയാണ്. പുണെ റയാൻ ഇന്റർനാഷണൽ സ്കൂൾ വിദ്യാർഥിയാണ് ജോഷ്വ. സഹോദരൻ: മൂന്നാം ക്ലാസ് വിദ്യാർഥി ജെറോം.