ന്യൂഡൽഹി: ലഖിംപുർ കൂട്ടക്കുരുതിയിൽ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. പന്ത്രണ്ട് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്.
ആശിഷ്മിശ്ര ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പോലീസ് പറഞ്ഞു. അൽപ സമയത്തിനുള്ളിൽ തന്നെ ആശിഷ്മിശ്രയെആരോഗ്യ പരിശോധനകൾക്കായി കൊണ്ടുപോകും. തുടർന്ന് ജില്ല മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. പോലീസ് ആശിഷ്മിശ്രയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടേക്കും.
നേരത്തെ 12 മണിക്കൂറോളം ആശിഷ്മിശ്രയുടെ കീഴടങ്ങലുമായി ബന്ധപ്പെട്ട് ഒരു സ്ഥിരീകരണവും നൽകാൻ യു.പി പോലീസ് തയ്യാറായിരുന്നില്ല. ഇത് പോലീസ് ഒത്തുകളിക്കുകയാണ് എന്ന ആരോപണം ഉയരാൻ കാരണമായിരുന്നു.
ലഖിംപുരിലെ ക്രൈം ബ്രാഞ്ച് ഓഫീസിലാണ് ആശിഷ് ചോദ്യം ചെയ്യലിന് ഹാജരായത്. ലഖിംപുർ സംഘർഷവുമായി ബന്ധപ്പെട്ട് കൊലപാതകം, കലാപമുണ്ടാക്കൽ തുടങ്ങി എട്ടു വകുപ്പുകൾ ചുമത്തിയാണ് ആശിഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ശനിയാഴ്ച രാവിലെ 10.40-ഓടെയാണ് ആശിഷ് ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിയത്. ശനിയാഴ്ച രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച പുതിയ സമൻസ് പോലീസ് ആശിഷിന് നൽകിയിരുന്നു.
ഒക്ടോബർ മൂന്നിനാണ് എട്ടുപേരുടെ മരണത്തിന് ഇടയാക്കിയ ലഖിംപുർ സംഘർഷം നടന്നത്. മന്ത്രി അജയ് മിശ്രയുടെ സന്ദർശനത്തിൽ പ്രതിഷേധിച്ച കർഷകർക്കു നേരെ ആശിഷ് മിശ്ര സഞ്ചരിച്ചിരുന്ന വാഹനം ഓടിച്ചു കയറ്റുകയായിരുന്നു. ഇതിൽ നാല് കർഷകർ കൊല്ലപ്പെട്ടു. തുടർന്നുണ്ടായ സംഘർഷത്തിൽ മറ്റു നാലുപേരും മരിച്ചു. അതേസമയം, സംഭവസ്ഥലത്ത് താനോ ആശിഷോ ഉണ്ടായിരുന്നില്ലെന്നാണ് അജയ് മിശ്രയുടെ വാദം.
Content Highlights:Minister Ajay Mishras son Ashish, accused of running over farmers in Uttar Pradesh, was arrested