തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ എണ്ണത്തിന്റെ പേരിൽ നാക്കുപിഴ സംഭവിച്ച വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടിക്കെതിരേ സെക്രട്ടേറിയേറ്റിന് മുന്നിലേക്ക് പ്രതിഷേധവുമായെത്തിയ യുവമോർച്ച പ്രതിഷേധം പ്രഹസനമായി. ഇന്ത്യയിൽ എത്ര സംസ്ഥാനം ഉണ്ടെന്നറിയാത്ത ശിവൻകുട്ടിയെ പഠിപ്പിക്കുന്ന രീതിയിലാണ് സമരം ആസൂത്രണം ചെയ്തത്. പക്ഷേ പഠിപ്പിക്കാനായി യുവമോർച്ച പ്രവർത്തകർ കൊണ്ടുവന്നത് ഇന്ത്യയുടെ പഴയ ഭൂപടവും.
ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളാക്കി മാറ്റിയതിന് മുമ്പുള്ള ഭൂപടമാണ് പ്രവർത്തകർ കൊണ്ടുവന്നത്. മന്ത്രിയെ ഇന്ത്യയിൽ എത്ര സംസ്ഥാനങ്ങളുണ്ടെന്ന് പഠിപ്പിക്കാൻ ക്ലാസെടുക്കുന്ന തരത്തിലാണ് യുവമോർച്ച സമരം നടത്തിയത്. എന്നാൽ മന്ത്രിയെ പഠിപ്പിക്കുന്നതിനിടെ ജമ്മുകശ്മീരിനെ സംസ്ഥാനമായി എണ്ണുകയും രാജ്യത്ത് 29 സംസ്ഥാനങ്ങളുണ്ടെന്നുമാണ് യുവമോർച്ച നേതാവ് പഠിപ്പിച്ചത്.
ഇന്ത്യയിൽ ആകെ 35 സംസ്ഥാനങ്ങളുണ്ടെന്നായിരുന്നു ശിവൻകുട്ടി പരാമർശിച്ചത്.അദ്ദേഹത്തിന് പറ്റിയ നാക്കുപിഴ ആയുധമാക്കി മന്ത്രിയെ തിരുത്താനെത്തിയ യുവമോർച്ചക്കാർക്കും തെറ്റിയതാണ് ഇപ്പോഴത്തെ ശ്രദ്ധേയമായ കാര്യം.സംസ്ഥാനങ്ങളുടെ എണ്ണം തെറ്റിയത് നാക്കുപിഴയെന്ന് പറഞ്ഞ് വിദ്യാഭ്യാസമന്ത്രി തലയൂരിയിരുന്നു. എന്നാൽ തെറ്റ് തിരുത്തുമ്പോഴും തെറ്റ് പറ്റിയ യുവമോർച്ചക്കാരെ ഇനി ആര് പഠിപ്പിക്കുമെന്നാണ് ചോദ്യമുയരുന്നത്.
Content Highlights:yuvamorcha protest against minister v sivankutty