തിരുവനന്തപുരം: ജൂനിയർ ടൈം സ്കെയിൽ ഓഫീസർ എന്ന പേരിലാണ് കെ.എ.എസിൽ നിയമനം നൽകുന്നത്. തുടക്കത്തിൽ 75,000-ത്തോളം രൂപ ശമ്പളമായി ലഭിക്കും. പുതുക്കിയ സ്കെയിൽ 63,700-1,23,700 ആണ്. പത്ത് ശതമാനം എച്ച്.ആർ.എ.യും ഏഴ് ശതമാനം ഡി.എ.യും ചേർത്താണ് ശമ്പളം നിശ്ചയിക്കുന്നത്. സംസ്ഥാന സർവീസിലെ രണ്ടാം ഗസറ്റഡ് തസ്തികയാണിത്.
ഡെപ്യൂട്ടി കളക്ടർ, ജില്ലാ സപ്ലൈ ഓഫീസർ, നികുതി വകുപ്പിൽ അസിസ്റ്റന്റ് കമ്മിഷണർ, സഹകരണ വകുപ്പിൽ ഡെപ്യൂട്ടി രജിസ്റ്റാർ, സാംസ്കാരിക വകുപ്പിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, വിദ്യാഭ്യാസ വകുപ്പിൽ ഡി.ഇ.ഒ., ഡെപ്യൂട്ടി ഡയറക്ടർ, വ്യവസായ വകുപ്പിൽ അസിസ്റ്റന്റ് ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ, തൊഴിൽ വകുപ്പിൽ ഡെപ്യൂട്ടി ലേബർ കമ്മിഷണർ, ജില്ലാ ലോട്ടറി ഓഫീസർ, മുനിസിപ്പൽ സെക്രട്ടറി, ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫീസർ, ജില്ലാ രജിസ്ട്രാർ, വിവിധ വകുപ്പുകളിൽ അസിസ്റ്റന്റ് ഡയറക്ടർ, ഫിനാൻസ് ഓഫീസർ തുടങ്ങിയ 140-ഓളം തസ്തികകളിലായിരിക്കും നിയമനം. ഐ.എ.എസുകാർക്കെന്നപോലെ വ്യത്യസ്ത വകുപ്പുകളിലെ വിവിധ തസ്തികകളിൽ ഇവർക്ക് നിയമനം ലഭിക്കും. വകുപ്പുകൾ മാറ്റവുമുണ്ടാകും. സീനിയർ ടൈംസ്കെയിൽ, സെലക്ഷൻ ഗ്രേഡ്, സൂപ്പർ ടൈം സ്കെയിൽ എന്നിവയാണ് കെ.എ.എസിന്റെ സ്ഥാനക്കയറ്റ തസ്തികകൾ. ഹയർ ഗ്രേഡിൽ 95,000 രൂപ വരെ ശമ്പളം ലഭിക്കും.
എട്ടുവർഷത്തെ സേവനം പൂർത്തിയാക്കുന്നവർക്ക് സംസ്ഥാനക്വാട്ടയിൽ ഐ.എ.എസിലേക്ക് നേരിട്ട് പ്രവേശിക്കാം. നിലവിൽ സംസ്ഥാന ക്വാട്ടയിൽ ഐ.എ.എസിന്റെ 70-ലേറെ ഒഴിവുകളുണ്ട്.
3,08,138 പേർ പ്രാഥമികപരീക്ഷയെഴുതി
ബിരുദധാരികളായ പൊതുവിഭാഗക്കാർക്കുള്ള ഒന്നാം കാറ്റഗറിയിൽ 3,08,138 പേർ പ്രാഥമികപരീക്ഷയെഴുതി. വിജയിച്ച 2005 പേർക്ക് മുഖ്യപരീക്ഷയ്ക്ക് അവസരം നൽകി. അത് വിജയിച്ച 197 പേരെ അഭിമുഖത്തിന് ക്ഷണിച്ചു. മുഖ്യപരീക്ഷയുടെയും അഭിമുഖത്തിന്റെയും മാർക്കിന്റെ അടിസ്ഥാനത്തിൽ 190 പേരുടെ റാങ്ക്പട്ടിക തയ്യാറാക്കി.
സർക്കാർ സർവീസിലുള്ള ഗസറ്റഡ് അല്ലാത്തവരുടെ രണ്ടാം കാറ്റഗറിയിൽ 20,292 പേർ പ്രാഥമിക പരീക്ഷയ്ക്കെത്തി. അതിൽ നിന്ന് 985 പേരെ മുഖ്യപരീക്ഷയെഴുതാൻ തിരഞ്ഞെടുത്തു. കൂടുതൽ മാർക്ക് നേടിയ 189 പേർക്ക് അഭിമുഖം നടത്തി. 185 പേരുടെ റാങ്ക്പട്ടിക പ്രസിദ്ധീകരിച്ചു. സർക്കാർ സർവീസിൽ ഒന്നാം ഗസറ്റഡ് റാങ്കിലുള്ളവരുടെ മൂന്നാം കാറ്റഗറിയിൽ 2951 പേർ അപേക്ഷിച്ചു. 1396 പേർ പ്രാഥമിക പരീക്ഷയെഴുതി. 723 പേരെ മുഖ്യപരീക്ഷയെഴുതാൻ അനുവദിച്ചു. അതിൽ നിന്ന് 196 പേർ അഭിമുഖത്തിനെത്തി. 187 പേരുടെ റാങ്ക്പട്ടിക പ്രസിദ്ധീകരിച്ചു.