കൊച്ചി: കഴിഞ്ഞ ദിവസം രാത്രി മാത്രം പെയ്ത മഴയിൽ വെള്ളക്കെട്ടിലായി കൊച്ചിയിലെ വിവിധ പ്രദേശങ്ങൾ. പി ആൻഡ്ടി കോളനിയിൽ 86 കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവിടുത്തെ എല്ലാ വീടുകളിലും വെള്ളം കയറിയ നിലയിലാണ്. നഗരമധ്യത്തിലുള്ള പി ആൻഡ്ടി കോളനിയെക്കൂടാതെ ഉദയ കോളനി, കമ്മട്ടിപ്പാടം എന്നിവിടങ്ങളിലും വെള്ളം കയറി ജന ജീവിതം ദുരിതത്തിലായിരിക്കുകയാണ്.
“അറുപത് വർഷത്തോളമായി ഞങ്ങളുടെ ജീവിതം മാറിയും തിരിഞ്ഞും ഈ വെള്ളക്കെട്ടിലാണ്. ഇന്ന് ഇപ്പോൾ എല്ലാവീടുകളിലും വെള്ളം കയറിയിട്ടുണ്ട്. സാധനങ്ങളെല്ലാം പെറുക്കി കട്ടിലിൽ വെച്ച് അതിന്റെ ഒരു മൂലക്ക് ഇരിക്കുകയാണ്. എല്ലാ മഴയത്തും വെള്ളക്കെട്ടിലും ഇതാണ് ഞങ്ങളുടെ അവസ്ഥ. ഉച്ചക്ക് ആരോ ഭക്ഷണം എത്തിച്ച് തരാമെന്ന് പറഞ്ഞിട്ടുണ്ട്. കളക്ടറടക്കം എല്ലാവരും മുൻപ് വന്ന് കണ്ട് പോയതാണ്. വീട് കെട്ടുകയാണ്, വീട് തരുമെന്നാണ് പറയുന്നത്. പക്ഷേ അത് എന്നാണെന്ന് അറിയില്ല. ഇത്രയും കാലം സഹിച്ച നിങ്ങൾ ഇനി വീട് കെട്ടുന്നതുവരെ സഹിക്കാനാണ് പറയുന്നത്. പക്ഷേ അത് എന്നാണെന്ന് മാത്രം ഞങ്ങൾക്ക് അറിയില്ല”- പി ആൻഡ് ഡി കോളനിവാസിയായ ലക്ഷ്മി പറഞ്ഞു.
ഹെബി ഈഡൻ എം.എൽ.എ. ആയിരുന്നപ്പോൾ നിയമസഭയിൽ പി ആൻഡ് ടികോളനിയിലെ അടക്കം വിഷയങ്ങൾ ഉന്നയിക്കുകയും സാന്തോം കോളനി പരിസരത്ത് ജി.സി.ഡി.എ.യുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഫ്ലാറ്റുകൾ നിർമിച്ച് നൽകുന്നതിന് ധാരണയാവുകയും ചെയ്തിരുന്നു. എന്നാൽ 2018 ൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിക്ക് തറക്കല്ലിടുമ്പോൾ പറഞ്ഞത് 10 മാസത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോഴും ഇവിടുത്തെ ജനങ്ങൾക്ക് വെള്ളക്കെട്ടിൽ നിന്നും മോചനം ലഭിച്ചിട്ടില്ല.
മഴക്കാലമായാൽ നല്ല ഒരു മഴകൊണ്ട് തന്നെ വെള്ളക്കെട്ടിലാകുന്ന പ്രദേശങ്ങളാണ് പി ആൻഡ് ഡി കോളനിയും ഉദയ കോളനിയുമെല്ലാം. കഴിഞ്ഞ പ്രളയകാലത്ത് വെള്ളക്കെട്ടിലായ ഇവിടുത്തുകാർ വലിയ ദുരിതമാണ് അനുഭവിച്ചത്. ചെറിയമഴയിലും അല്ലാതെ ഉണ്ടാകുന്ന ശക്തമായ മഴയിലും ഈ പ്രദേശങ്ങൾ വെള്ളക്കെട്ടിലാകാറുണ്ട്. കോർപറേഷൻ മാലിന്യങ്ങൾ തള്ളുന്നത് ഈ കോളനിക്ക് മുൻപിലാണ്. മഴക്കാലത്ത് ഈ മാലിന്യങ്ങളോടൊപ്പമാണ് ഇവർക്ക് ജീവിക്കേണ്ടി വരുന്നത്. കേളനിവാസികൾ നിരവധി പ്രതിഷേധങ്ങളടക്കം നടത്തിയിട്ടുണ്ടായിരുന്നെങ്കിലും ഇതുവരേയും ഫലം കണ്ടിട്ടില്ല. ജനപ്രതിനിധികളും ജില്ലാ കളക്ടറുമെല്ലാം ഇതിന് പരിഹാരം കണ്ടെത്താമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെങ്കിലും ഇതുവരേയും പരിഹരിച്ചിട്ടില്ല.
Content Highlights:Heavy Rain In Kochi P and Tcolony flooded