ഞാൻ ഇനി എഴുന്നേൽക്കുന്ന കാര്യം പ്രയാസമായിരിക്കുമെന്നാണ് ശസ്ത്രക്രിയക്ക് ശേഷം ഡോക്ടർ പറഞ്ഞത്. തിരികെ വീട്ടിലെത്തിയപ്പോൾ എന്റെ മുറിയുടെ ചുമര് നിറയെ ഞാൻ റേസിങ്ന് ഉപയോഗിച്ച ഗിയറുകളും ഹെൽമറ്റുമെല്ലാം ഭാര്യ നിരത്തിവെച്ചിരിക്കുകയായിരുന്നു വെള്ളിയാഴ്ച വൈകുന്നേരം ജീമോൻ ആന്റണി മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുമ്പോൾ രണ്ട് വർഷങ്ങൾക്കിപ്പുറം തന്റെ സ്വപ്നം തിരികെ പിടിച്ച് ഹിമാലിയൻ റാലിക്കായി മണാലിയിൽ നിന്നുകൊണ്ടാണ് തന്റെ റൈസിങ് വിശേഷങ്ങൾ പങ്കുവെച്ചത്.
പോലീസ് ഉദ്യോഗസ്ഥനാണ് ഇടപ്പള്ളി മഞ്ഞുമ്മേൽ സ്വദേശിയായ ജീമോൻ ആന്റണി. 2019 ൽ ജോലിക്കിടെ ഉണ്ടായ നടുവേദനക്ക് കാരണം ഡിസ്കിലെ തകരാറാണെന്ന് കണ്ടെത്തിയതോടെയാണ് ജീമോന്റെ റേസിങ് സ്വപ്നങ്ങൾക്ക് താത്കാലികമായി ഫുൾസ്റ്റോപ്പ് ഇടേണ്ടി വന്നത്. എന്നാൽ രോഗകിടക്കയിൽ നിന്നും രോഗത്തെ തളർത്തി ഏറ്റവും കാഠിന്യമേറിയ ഹിമാലയൻ റാലിയിൽ പങ്കെടുക്കുകയാണ് ഇപ്പോൾ ജീമോൻ.
കുട്ടിക്കാലത്ത് തുടങ്ങിയതാണ് ജീമോന് റേസിങ്ങിനോടുള്ള ഇഷ്ടം. വീടിന് അടുത്തുള്ള ബിനു ചേട്ടൻ റേസിങ് ചെയ്യുമായിരുന്നു. അങ്ങനെയാണ് ആദ്യം താത്പര്യം തോന്നിയത്. പിന്നീട് ബിനു ചേട്ടന്റെ കൂടെ പ്രാക്ടീസ് കാണാൻ പോയതായിരുന്നു. അങ്ങനെയാണ് റേസിങ് ടീമിലെത്തിയത്.
2000ത്തിലാണ് ജീമോൻ റേസിങ് ആരംഭിച്ചത്. 2005 വരെ റേസിങ് ചെയ്യുമായിരുന്നു. പിന്നീട് ഒന്നര വർഷക്കാലം ജോലിക്കായി വിദേശത്തായിരുന്നു. അതിന് ശേഷം രണ്ട് വർഷക്കാലം കൂടി ഉണ്ടായിരുന്നു. അന്ന് അവസാനമായി 2008 ൽ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തിലാണ് ഓടിച്ച് ഒന്നാമതെത്തിയിരുന്നു.
സാമ്പത്തികബാധ്യത റേസിങ് സ്വപ്നത്തിന്റെ ആദ്യ വില്ലൻ
മോട്ടോർ സ്പോർട്സ് വളരെ ചിലവേറിയതാണ്. ഗിയറുകൾക്ക് മാത്രം മൂന്ന് ലക്ഷത്തോളം രൂപ വില വരും. പിന്നെ വാഹനത്തിന്റെ മെയിന്റനൻസ് അങ്ങനെ എല്ലാം കൂടി വലിയ ചെലവാണ് വരുന്നത്.
അങ്ങനെ ആ സാമ്പത്തിക ബാധ്യത താങ്ങാതായതോടെയാണ് പതിനൊന്ന് വർഷക്കാലം റേസിങിൽ നിന്ന് വിട്ട് നിൽക്കേണ്ടി വന്നത്. 2008 ൽ അങ്ങനെ റേസിങ് വേണ്ടെന്ന് വെക്കുകയായിരുന്നു. ചെയ്യാൻ പറ്റാതിരുന്നത് വലിയ വിഷമമായിരുന്നു. അതുകൊണ്ട് തന്നെ ഈ പതിനൊന്ന് വർഷക്കാലത്തിനിടയിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് റേസിങിനായി പോയത്.
2018ൽ ലഡാക്കിലേക്ക് ഒരു യാത്ര നടത്തിയിരുന്നു. പിന്നീട് 2019ൽ സുഹൃത്ത് ശരത്ത് രാജ് ഗിയറുകൾ സമ്മാനിച്ചതോടെയാണ് വീണ്ടും റേസിങിലേക്ക് ഇറങ്ങിയത്. തിരികെ വന്ന് ആദ്യത്തെ റേസിന് രണ്ടാം സ്ഥാനമാണ് ലഭിച്ചത്. അങ്ങനെ വാശിയായി. പിന്നെ തുടരെ റേസിങ് ചെയ്യുകയായിരുന്നു.
രണ്ടാമത്തെ വില്ലനായി നടുവേദനയും ശസ്ത്രക്രിയയും
2019 ൽ വീണ്ടും തിരികെ വന്നു. 2020 ൽ നടുവേദന വന്ന് ശസ്ത്രക്രിയ ചെയ്തു. എന്നാൽ ശസ്ത്രക്രിയക്ക് ശേഷം അണുബാധ ഉണ്ടാവുകയും പിന്നീട് വീണ്ടും ശസ്ത്രക്രിയ ചെയ്യുകയുമായിരുന്നു. നട്ടെല്ലിന്റെ ഏറ്റവും താഴത്തായി ടൈറ്റാനിയം റാഡ് ഇട്ടിട്ടുണ്ട്. അന്ന് ശസ്ത്രക്രിയക്ക് ശേഷം ഇനി എഴുന്നേക്കുന്ന കാര്യം പ്രയാസമായിരിക്കും എന്നാണ് ഡോക്ടർമാർ പറഞ്ഞത്. യൂറിൻപാസ് ചെയ്യാൻ പോലും സാധിക്കാത്ത സാഹചര്യമായിരുന്നു.
റേസിങ് സാമഗ്രികൾ കൊണ്ട് അലങ്കരിച്ച മുറി
സർജറിക്ക് ശേഷം ജീമോനെ ഭാര്യ ഹെൽബീന ഞെട്ടിച്ചു കളയുകയായിരുന്നു. തിരികെ വീട്ടിലെത്തിയപ്പോൾ ജീമോന്റെ മുറിയുടെ ചുമര് നിറയെ ജീമോൻ റേസിങിന് ഉപയോഗിച്ച ഗിയറുകളും ഹെൽമറ്റുമെല്ലാം ഭാര്യ നിരത്തിവെച്ചിരിക്കുകയായിരുന്നു. എന്റെ ഏറ്റവും വലിയ ഭ്രാന്താണ് ഇത് എന്ന് അവൾക്ക് അറിയാമായിരുന്നു എന്നാണ് ജീമോന് പറയുന്നത്. അങ്ങനെ ഉറങ്ങുമ്പോഴും ഉണരുമ്പോഴുമെല്ലാം കണ്ണിൽ റേസിങ് മാത്രമായി മാറി. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം ഇതാണ്. അതുകൊണ്ട് തന്നെ എങ്ങനെയെങ്കിലും തിരികെ വരണമെന്നതായിരുന്നു ആഗ്രഹം. സർജറിക്ക് ശേഷമുള്ള എന്റെ ആദ്യത്തെ ഇവന്റാണ് ഇത്. ഇന്ത്യയിലെ ഏറ്റവും കാഠിന്യമേറിയ റാലിയാണ് ഹിമാലയൻ റാലി. ഇതിനായി 22 കിലോ ശരീര ഭാരം കുറച്ചു. വേദനയുണ്ടെങ്കിലും റേസിങ് എന്ന സ്വപ്നത്തിന് മുന്നിൽ അതൊക്കെ മാറി നിൽക്കുകയാണ് ജീമോൻ പറഞ്ഞു.
പിന്തുണ നൽകി പോലീസ് ഡിപ്പാർട്മെന്റും
കളമശ്ശേരി സ്റ്റേഷനിലായിരുന്നു ജോലി ചെയ്തിരുന്നത്. ഇപ്പോൾ ട്രാൻസ്ഫർ കിട്ടി കൺട്രോൾ റൂമിലേക്ക് മാറിയിട്ടുണ്ട്. കളമശ്ശേരി സി ഐ സാറിനോട് പെർമിഷൻ എടുക്കാനായി പോയപ്പോൾ ആദ്യം വീട്ടുകാരാണ് അനുവാദം തരേണ്ടത് എന്നാണ് അദ്ദേഹം പറഞ്ഞത്. സാർ നേരെ എന്റെ ഭാര്യയെ വിളിക്കുകയായിരുന്നു. പക്ഷേ അവൾ അനുവാദം കൊടുക്കണമെന്നാണ് സാറിനോട് പറഞ്ഞത്. കാരണം എനിക്ക് ഇത് എത്രമാത്രം ഇഷ്ടമാണെന്ന് അവൾക്ക് അറിയാം. എ ഡി ജി പി മനോജ് എബ്രഹാം സാറും അനുവാദം തന്നു. വേണ്ട സഹായങ്ങളെല്ലാം അദ്ദേഹം ചെയ്ത് തരാമെന്ന് പറഞ്ഞു. ഇന്ത്യയിൽ തന്നെ ആദ്യമായാണ് പോലീസ് സേനയിലുള്ള ഒരാൾ റേസിങിൽ പങ്കെടുക്കുന്നത്. അതൊരു ഭാഗ്യമായി തന്നെ കാണുകയാണ്.
കേരളത്തിൽ നിന്ന് ആകെ പത്ത് പേരാണ് ഹിമാലിയൻ റാലിയിൽ പങ്കെടുക്കുന്നത്. ആറ് പേരാണ് എറണാകുളം ജില്ലക്കാർ. ആകെ മൂന്ന് സ്റ്റേജുകളാണ് ഉള്ളത്. അതിൽ ആദ്യ സ്റ്റേജ് കഴിഞ്ഞിട്ടുണ്ട്. ഇത്തവണ ഫസ്റ്റും സെക്കന്റുമൊന്നും അടിച്ചില്ലെങ്കിലും കംപ്ലീറ്റ് ചെയ്ത് വരണമെന്നാണ് ആഗ്രഹം. ജീമോൻ പറയുന്നു.
Content Highlights:Jeemon at his Himalayan rally from his bed struggles against his illness