കൊച്ചി
സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിന്റെ കോഫെപോസ തടങ്കൽ ഹൈക്കോടതി റദ്ദാക്കി. മറ്റൊരു പ്രതി പി എസ് സരിത്തിന്റെ തടങ്കൽ ശരിവച്ചു. സ്വപ്നയുടെ അമ്മ കുമാരിപ്രഭ സുരേഷും സരിത്തിന്റെ അമ്മ പി പ്രേമകുമാരിയും സമർപ്പിച്ച ഹർജികളിലാണ് ജസ്റ്റിസുമാരായ എ കെ ജയശങ്കരൻ നമ്പ്യാരും സി പി മുഹമ്മദ് നിയാസും അടങ്ങുന്ന ബെഞ്ചിന്റെ ഉത്തരവ്.
കോഫെപോസ സെക്ഷൻ 3 (1) പ്രകാരം തടങ്കൽ നിയമവിരുദ്ധമാണ് എന്ന വാദം പരിഗണിച്ചാണ് കോടതിയുടെ നടപടി. സ്വപ്ന എൻഐഎ കേസിൽ റിമാൻഡിലായിരുന്നുവെന്നും ജാമ്യാപേക്ഷ തള്ളിയ ഉത്തരവ് ഹാജരാക്കിയിരുന്നെങ്കിൽ തടങ്കൽ ഉത്തരവ് വേണ്ടിവരില്ലായിരുന്നെന്നും കോടതി വ്യക്തമാക്കി. ഒരാളെ തടങ്കലിൽവയ്ക്കാൻ സാധാരണ ക്രിമിനൽ നിയമങ്ങൾ പര്യാപ്തമല്ലെങ്കിലേ കോഫെപോസ ചുമത്താവൂ എന്ന് സുപ്രീംകോടതി വിധിയുണ്ടെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
സരിത്തിനെതിരെ കോഫെപോസ ചുമത്തിയതിൽ കോടതി ഇടപെട്ടില്ല. കോഫെപോസ റദ്ദാക്കിയെങ്കിലും എൻഐഎ കേസിൽ റിമാൻഡിലായതിനാൽ സ്വപ്നയ്ക്ക് ജയിലിന് പുറത്തിറങ്ങാനാകില്ല.