തിരുവനന്തപുരം> കേരള അഡ്മിനിസ്ട്രേറ്റീവ് സര്വീസ് യാഥാര്ഥ്യമാക്കിയത് പിണറായി സര്ക്കാരിന്റെ ഇച്ഛാശക്തിയുടെ വിജയമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില് പറഞ്ഞു. കേരളത്തിന് സ്വന്തമായി അഡ്മിനിസ്ട്രേറ്റീവ് സര്വീസ് എന്ന എല്ഡിഎഫ് വാഗ്ദാനം യാഥാര്ഥ്യമാകുന്നതോടെ കേരളയുവത പ്രതീക്ഷയുടെ മറ്റൊരു നാഴികക്കല്ല് പിന്നിടുകയാണ്.
സര്ക്കാരിന്റെ നയങ്ങളും പരിപാടികളും നടപ്പാക്കാന് മിടുക്കരായവരെ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് കെഎഎസ് ആലോചിച്ചതെങ്കിലും പ്രതിപക്ഷ യൂണിയനുകളുടെ എതിര്പ്പുമൂലം മുന്നോട്ടുകൊണ്ടുപോകാന് കഴിഞ്ഞിരുന്നില്ല. നിലവിലെ ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തെ ബാധിക്കുമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു എതിര്പ്പുയര്ത്തിയത്.
സര്ക്കാര് തീരുമാനത്തെ തുറന്ന മനസ്സോടെ സ്വീകരിക്കാന് പ്രതിപക്ഷമോ അവരെ പിന്തുണയ്ക്കുന്ന ഉദ്യോഗസ്ഥ സംഘടനകളോ തയ്യാറായില്ല. തടസ്സവാദങ്ങളും നിയമക്കുരുക്കും മറികടന്ന് കെഎഎസ് ലക്ഷ്യത്തിലെത്തുമ്പോള് തിളങ്ങിനില്ക്കുന്നത് എല്ഡിഎഫ് സര്ക്കാരിന്റെ നിശ്ചയദാര്ഢ്യവും ആശയവ്യക്തതയുമാണ്.
കെഎഎസ് വിജയികള്ക്ക് എല്ലാവിധ അഭിനന്ദനവും അറിയിക്കുന്നതായും സംസ്ഥാന പ്രസിഡന്റ് എസ് സതീഷും സെക്രട്ടറി എ എ റഹിമും പ്രസ്താവനയില് പറഞ്ഞു.