തിരുവനന്തപുരം: വൈദ്യുതി ബോർഡും കെ.എസ്.ഐടി.ഐ.എല്ലും ചേർന്നൊരുക്കുന്ന കെ- ഫോൺ (കേരള ഫൈബർ ഒപ്റ്റിക് നെറ്റ്വർക്ക്) പദ്ധതിക്ക് പുതിയ എം.ഡി. വരുന്നു. മുൻ തമിഴ്നാട് ഐ.ടി പ്രിൻസിപ്പൽ സെക്രട്ടറി ഡോ. സന്തോഷ് ബാബുവാണ് കെ- ഫോൺ പദ്ധതി നടപ്പിലാക്കുന്ന കെ.എസ്.ഐടി.ഐ.എൽ എം.ഡിയാകുന്നത്. ഇതുസംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രി ഒപ്പുവെച്ചു.
തമിഴ്നാട് ഐടി മേഖലയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ഇദ്ദേഹത്തെ എം.ഡിയാക്കാൻ തീരുമാനമെടുത്തത്. തിരുവനന്തപുരം സ്വദേശിയാ ഡോ. സന്തോഷ് ബാബു നടപ്പിലാക്കിയ ഗ്രാമീണ ബി.പി.ഒ (ബിസിനസ് പ്രോസസ് ഔട്ട്സോഴ്സിങ്) രാജ്യത്ത് തന്നെ ആദ്യത്തെ സംരംഭമായിരുന്നു. തമിഴ്നാട് കൃഷ്ണഗിരി ജില്ലാകലക്ടറായിരുന്ന കാലത്ത് ഐ.ടി അധിഷ്ഠിതപദ്ധതികളിലൂടെ വിദ്യാർഥികളെ തിരികെ സ്കൂളിലേക്ക് കൊണ്ടുവരാൻ സാധിച്ചുവെന്നതും ഇദ്ദേഹത്തിന്റെ നേട്ടങ്ങളിലൊന്നാണ്.
തമിഴ്നാട് മുഖ്യമന്ത്രിയുടെ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസറായും പ്രവർത്തിച്ചിട്ടുള്ള സന്തോഷ് ബാബു അവിടെ ഐടി വകുപ്പിൽ പ്രിൻസിപ്പൽ സെക്രട്ടറി ആയിരിക്കെ സ്വയം വിരമിച്ചു. അതിനുശേഷം കമലഹാസൻ നേതൃത്വം നൽകിയിരുന്ന മക്കൾ നീതി മയ്യം പാർട്ടിയിൽ ചേരുകയും ചെയ്തു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വേളാച്ചേരി മണ്ഡലത്തിൽ മത്സരിക്കുകയും ചെയ്തിരുന്നു. എന്നാൽ പാർട്ടി ജനറൽ സെക്രട്ടറി പദവിയിലിരിക്കെ രാജിവെച്ചതിന് ശേഷമാണ് കേരളത്തിൽ പുതിയ ചുമതല ലഭിക്കുന്നത്. വരുന്ന തിങ്കളാഴ്ച സന്തോഷ് ബാബു കേരളത്തിലെത്തി ചുമതല ഏറ്റെടുക്കും.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് എടുത്തതിന് ശേഷമാണ് ഐ.എ.എസ് ലഭിക്കുന്നത്. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് ആൻഡ് പൊളിറ്റിക്കൽ സയൻസിൽ നിന്ന് ലീഡർഷിപ്പ് ആൻഡ് എക്സലൻസ് ബിരുദവും നേടിയിട്ടുണ്ട്.
കേരളത്തിലെ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ കാര്യക്ഷമമാക്കുക എന്നതാണ് കെ- ഫോൺ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ ഇന്റർനെറ്റ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ വരുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളെയും വിദ്യാലയങ്ങളെയും സർക്കാർ ഓഫീസുകളെയും വീടുകളെയും സ്വകാര്യ സ്ഥാപനങ്ങളെയും ബന്ധിപ്പിക്കുന്ന ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയാണ് പദ്ധതിയുടെ പ്രധാന ഭാഗം.
Content Highlights: Dr. Santhosh Babu IAS,KFON