തിരുവനന്തപുരം
ശബരിമലയിൽ മണ്ഡല മകരവിളക്കിനോടനുബന്ധിച്ച് ആദ്യം ദിവസം 25,000 പേരെ പ്രവേശിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു. രണ്ടു ഡോസ് വാക്സിൻ എടുത്തവർക്കും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്കുമാണ് പ്രവേശനം. എണ്ണത്തിൽ മാറ്റം വേണമെങ്കിൽ പിന്നീട് തീരുമാനിക്കും. വെർച്വൽ ക്യൂ സംവിധാനം തുടരും. പ്രായനിയന്ത്രണം ഒഴിവാക്കി.
അഭിഷേകംചെയ്ത നെയ്യ് എല്ലാവർക്കും കൊടുക്കും. സന്നിധാനത്ത് തങ്ങാൻ അനുവദിക്കില്ല. എരുമേലി കാനനപാത, പുൽമേട് വഴി സന്നിധാനത്ത് എത്തുന്ന പരമ്പരാഗത പാത എന്നിവയിലൂടെ തീർഥാടകരെ അനുവദിക്കില്ല. പമ്പയിൽ കുളിക്കാം. വാഹനങ്ങൾ നിലയ്ക്കൽവരെ മാത്രം. അവിടെനിന്ന് പമ്പവരെ കെഎസ്ആർടിസി ബസുണ്ടാകും. ശുചീകരണ തൊഴിലാളികളുടെ ശമ്പളം വർധിപ്പിക്കും. കോവിഡ് മുക്തരിൽ അനുബന്ധ രോഗങ്ങളുള്ളവർ ആരോഗ്യസ്ഥിതി പരിശോധിച്ച് മാത്രമേ ദർശനത്തിന് വരാവൂ എന്ന് മുഖ്യമന്ത്രി നിർദേശിച്ചു.