കൽപ്പറ്റ> ലിംഗനീതിയുടെ ഏറ്റവും മികച്ച ശീലങ്ങൾ ഉറപ്പുവരുത്തുമ്പോഴാണ് നമ്മുടെ ക്യാമ്പസുകളിൽ ജനാധിപത്യത്തിന്റെയും സഹാനുഭൂതിയുടെയും ആത്മാവ് വിടരുന്നതെന്ന് ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ പറഞ്ഞു. പൂക്കോട് കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ മൂന്നാമത് ബിരുദദാന സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ചാൻസലർ കൂടിയായ ഗവർണർ.
സ്ത്രീകളോടുള്ള പുരുഷ മനോഭാവത്തിൽ മാറ്റം വരണമെന്നും അവരെ തുല്യമായി കാണാൻ സമൂഹത്തിന് കഴിയണമെന്നും ഗവർണർ പറഞ്ഞു. സർവകലാശാല പ്രോ ചാൻസലറും മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രിയുമായ ജെ ചിഞ്ചുറാണി മുഖ്യാതിഥിയായി. സർവകലാശാലയിലെ വിവിധ കോഴ്സുകളിലായി ഉന്നത വിജയം കാഴ്ചവെച്ച 27 വിദ്യാർഥികൾക്ക് സ്വർണമെഡലുകളും, എൻഡോവ്മെന്റുകളും ഗവർണർ സമ്മാനിച്ചു.
സർവകലാശാല വൈസ് ചാൻസലർ ഡോ. എം ആർ ശശീന്ദ്രനാഥ്, രജിസ്ട്രാർ പി സുധീർ ബാബു, എംഎൽഎമാരായ ടി സിദ്ദിഖ്, വാഴൂർ സോമൻ, സർവകലാശാല ഭരണസമിതി അംഗങ്ങൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സംഘടിപ്പിച്ച ചടങ്ങിൽ 42 ബിരുദധാരികൾ നേരിട്ടും 600 ഓളം വിദ്യാർഥികൾ ഓൺലൈനായും പങ്കെടുത്തു.