കൊച്ചി: നോക്കുകൂലിക്കെതിരേ സ്വരംകടുപ്പിച്ച് ഹൈക്കോടി. നോക്കുകൂലി എന്ന വാക്ക് ഇനി കേരളത്തിൽ കേട്ടുപോകരുതെന്ന് പറഞ്ഞ ഹൈക്കോടതി ഇത് തുടച്ചുനീക്കണമെന്നും ആവശ്യപ്പെട്ടു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ സിംഗിൾ ബഞ്ചാണ് കേരളത്തിലെ നോക്കുകൂലി സമ്പ്രദായത്തിനെരേ കടുത്ത വിമർശനം നടത്തിയിരിക്കുന്നത്. പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കൊല്ലത്തെ ഒരു ഹോട്ടൽ ഉടമ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
ശക്തമായ താക്കീതാണ് നോക്കുകൂലി വിഷയത്തിൽ ഹൈക്കോടതി നൽകിയിരിക്കുന്നത്. നോക്കുകൂലി സമ്പ്രദായം കേരളത്തിൽനിന്ന് തുടച്ചിനീക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. നോക്കുകൂലി ചോദിക്കുന്നവർക്കെതിരേ കൊടിയുടെ നിറം നോക്കാതെ നടപടി വേണം. കേരളത്തിലേക്ക് വരാൻ നിക്ഷേപകർ ഭയക്കുന്നുണ്ട്. ഈ സാഹചര്യം മാറണമെന്നും കോടതി പറഞ്ഞു.
കേരളത്തിൽ ഒരു മിലിറ്റന്റ് ട്രേഡ് യൂണിയനിസം നടക്കുന്നുവെന്ന പ്രതിച്ഛായയുണ്ടെന്ന് കോടതി ചൂണ്ടിക്കാണിച്ചു. തൊഴിലുടമ തൊഴിൽ നിഷേധിച്ചാൽ ചുമട്ടുതൊഴിലാളി ബോർഡിനെയാണ് സമീപിക്കേണ്ടത്. തൊഴിൽ നിഷേധത്തിനുള്ള പ്രതിവിധി അക്രമമല്ല. വി.എസ്.എസ്.സിയിലേക്കുള്ള ചരക്കുകൾ തടഞ്ഞത് കേരളത്തിന് നാണക്കേടുണ്ടാക്കിയെന്നും കേടതി പറഞ്ഞു.
നോക്കുകൂലി നിരോധിച്ചിട്ടും എന്തുകൊണ്ട് കാര്യക്ഷമമായി നടപ്പാക്കുന്നില്ലെന്ന് ഹൈക്കോടതി നേരത്തെ ചോദിച്ചിരുന്നു. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികളടക്കം അറിയിക്കാൻ സംസ്ഥാന പോലീസ് മേധാവിയോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. നോക്കുകൂലിയുമായി ബന്ധപ്പെട്ട പോലീസ് സംരക്ഷണ ഹർജികൾ കൂടിവരികയാണെന്ന് അഭിപ്രായപ്പെട്ട കോടതി, സർക്കാർ നോക്കുകൂലി നിരോധിച്ചിട്ടും ഇത്തരം കേസുകൾ വർധിക്കുന്നത് അദ്ഭുതപ്പെടുത്തുകയാണെന്നും പറഞ്ഞിരുന്നു.
Content Highlights:Enforce ban on nokkukooli in Kerala, says Kerala High Court