തിരുവനന്തപുരം > കേരളത്തിൽ മാർക് ജിഹാദ് എന്ന ഡൽഹി വാഴ്സിറ്റി പ്രൊഫസറുടെ പരാമർശത്തിൽ പ്രതിഷേധം. കേരളത്തെ തീവ്രവാദ കേന്ദ്രമെന്ന് വരുത്തിത്തീർക്കാനുള്ള സംഘ്പരിവാർ ശ്രമമാണ് പരാമർശത്തിന് പിന്നിലെന്ന് എസ്എഫ്ഐ പ്രതികരിച്ചു. ആർഎസ്എസ് ബന്ധമുള്ള അധ്യാപക സംഘടനാ മുൻ ഭാരവാഹി രാകേഷ് കുമാർ പാണ്ഡെയുടേതാണ് പരാമർശം.
ഡൽഹി വാഴ്സിറ്റിയിൽ കേരളത്തിൽ നിന്നുള്ള വിദ്യാർഥികളെ ഒഴിവാക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് വി പി സാനു പറഞ്ഞു. മലയാളി വിദ്യാർഥികൾക്ക് കൂടുതൽ അഡ്മിഷൻ ലഭിക്കുന്നത് മറ്റ് വിദ്യാർഥികൾക്ക് അവസരം കുറയ്ക്കുന്നു, അവസരം നഷ്ടപ്പെടുന്നു എന്നെല്ലാം വരുത്തിത്തീർക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
കേരളത്തിൽനിന്ന് എന്ത് വന്നാലും അത് ജിഹാദ് ആണെന്ന നിലയ്ക്ക് കേരളത്തെ ഒരു മതതീവ്രവാദികളുടെ കേന്ദ്രമാക്കി മുദ്രകുത്താൻ വേണ്ടിയിട്ടുള്ള വലിയ ശ്രമം എല്ലാ ഭാഗത്തുനിന്നും നടക്കുന്നുണ്ട്. അതിന്റെ ഭാഗം കൂടിയാണ് ഈ പരാമർശം – സാനു പറഞ്ഞു.
വിദ്യാഭ്യാസരംഗത്ത് മലയാളികൾ നേടിയെടുത്തിട്ടുള്ള നേട്ടങ്ങളെ അവഹേളിക്കുന്നതാണ് പ്രസ്താവന. ഇത്തവണ ഡൽഹി വാഴ്സിറ്റിയിലെ ഉയർന്ന കട്ട് ഓഫ് മാർക്കിലും കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾക്ക് വിപുലമായ രീതിയിൽ അഡ്മിഷൻ ലഭിച്ചിരുന്നു. ഇതാണ് പ്രൊഫസറെ ചൊടിപ്പിച്ചത്. ലൗ ജിഹാദിന് സമാനമായ രീതിയിൽ മാർക് ജിഹാദും കേരളത്തിൽ ഉണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നായിരുന്നു പ്രൊഫസറുടെ ട്വീറ്റ്. സർവകലാശാലയെ ജെഎൻയുവിന് സമാനമായ പ്രക്ഷേഭങ്ങളുടെ കേന്ദ്രമാക്കി മാറ്റാനുള്ള ആസൂത്രണമാണ് ഇതെന്നും രാകേഷ് പാണ്ഡെ ട്വീറ്റ് ചെയ്തു.