കോഴിക്കോട്: ഐ.എൻ.എലിലെ തർക്കം പരിഹരിക്കാൻ കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാരുടെ നേതൃത്വത്തിലുണ്ടാക്കിയ വ്യവസ്ഥകൾ പൂർണമായി പാലിക്കപ്പെട്ടില്ല. സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ.പി. അബ്ദുൽ വഹാബുൾപ്പെടെയുള്ള എട്ട് ഭാരവാഹികൾ സംസ്ഥാനകമ്മിറ്റി ഓഫീസിൽ കയറുന്നതിനെതിരേയുള്ള കേസ് പിൻവലിക്കാൻ കാസിം ഇരിക്കൂർ വിഭാഗം തയ്യാറായിട്ടില്ല.
കോഴിക്കോട് ജില്ലയിൽ വഹാബിനെ അനുകൂലിക്കുന്നവരുടെ നേതൃത്വത്തിൽ വിഭാഗീയപ്രവർത്തനങ്ങൾ നടക്കുന്നുവെന്നതാണ് കാരണമായി പറയുന്നത്. ഇക്കാര്യം കോടതിയെയും അറിയിച്ചിട്ടുണ്ട്. കേസ് പിൻവലിക്കാൻ കാസിം ഇരിക്കൂർ വിഭാഗത്തിനുമേൽ മധ്യസ്ഥതയ്ക്ക് നേതൃത്വം നൽകിയവർതന്നെ സമ്മർദം ചെലുത്തുന്നുണ്ടെങ്കിലും അന്തിമനിലപാടറിയിച്ചില്ല. വ്യാഴാഴ്ച കോടതി കേസ് വീണ്ടും പരിഗണിക്കുന്നുണ്ട്. ഒത്തുതീർപ്പായില്ലെങ്കിൽ ഇനിയും തർക്കത്തിലേക്ക് പോവാനാണ് സാധ്യത. അതൊഴിവാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.
എല്ലാ പ്രശ്നങ്ങളും തീർന്നെന്നും അച്ചടക്കനടപടിക്ക് വിധേയമായവരെ തിരിച്ചെടുക്കുമെന്നും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും അബ്ദുൽ വഹാബും ഒരുമിച്ച് പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചതാണ്. എന്നാൽ, കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ഷർമദ് ഖാനെ എറണാകുളത്തുനടന്ന യോഗത്തിലെ സംഘർഷത്തെത്തുടർന്ന് പുറത്താക്കിയതാണെന്നും തിരിച്ചെടുക്കുന്നകാര്യം തീരുമാനമായിട്ടില്ലെന്നുമാണ് കാസിം ഇരിക്കൂർ വിഭാഗം പറയുന്നത്.
കോഴിക്കോട് ജില്ലയിൽ ഒരുമിച്ച് സംഘടിപ്പിക്കേണ്ട പരിപാടികൾ വഹാബ് വിഭാഗത്തെ മാത്രം ഉൾപ്പെടുത്തി നടത്തുന്നെന്നാണ് എതിർവിഭാഗത്തിന്റെ ആരോപണം. എന്നാൽ അത് ശരിയല്ല, മന്ത്രി അഹമ്മദ് ദേവർകോവിലിനെ ഉൾപ്പെടെ ചടങ്ങിന് ക്ഷണിച്ചിട്ടുണ്ടെന്ന് ജില്ലാ പ്രസിഡന്റ് ബഷീർ ബഡേരി പറയുന്നു. എസ്.എ. പുതിയവളപ്പിൽ അനുസ്മരണം നടത്തിയതും വഹാബ് വിഭാഗം ഒറ്റയ്ക്കാണെന്നു പരാതിയുണ്ട്.