തിരുവനന്തപുരം
യുപിയിലെ കർഷകവേട്ടയ്ക്കെതിരെ യുവജനങ്ങളുടെ ഉശിരൻ പ്രതിഷേധം. ഡിവൈഎഫ്ഐ സംഘടിപ്പിച്ച രാജ്ഭവൻ മാർച്ചിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് യുവതീയുവാക്കൾ അണിചേർന്നു. മ്യൂസിയത്തിനു മുന്നിൽനിന്ന് ആരംഭിച്ച മാർച്ച് രാജ്ഭവനു മുന്നിൽ പൊലീസ് തടഞ്ഞു. ധർണ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു.
ബ്രിട്ടീഷ് ഭരണവേളയിൽപ്പോലും നടക്കാത്ത ക്രൂരതയാണ് കർഷകർക്കുനേരെ മോദിഭരണകാലത്ത് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഒരു സർക്കാരും തങ്ങളുടെ കർഷകർക്കുനേരെ ഇത്തരം ഹീനകൃത്യം ചെയ്യില്ല. ഫാസിസ്റ്റ് ഭീകരതയിൽ മാത്രം നടക്കുന്ന സംഭവമാണ് യുപിയിൽ അരങ്ങേറിയത്. ഭൂപരിഷ്കരണം നടപ്പാക്കിയ കേരളത്തെയടക്കം ദോഷകരമായി ബാധിക്കുന്ന കാർഷിക പരിഷ്കരണമാണ് സർക്കാർ നടപ്പാക്കുന്നത്. കാർഷികമേഖലയിലെ കോർപറേറ്റ്വൽക്കരണമാണ് ലക്ഷ്യം. കാർഷികമേഖല പൂർണമായും കോർപറേറ്റുകൾക്ക് വിട്ടുകൊടുക്കുകയാണ്. പ്രതിഷേധം പൊലീസിനെയും അർധ സൈനിക വിഭാഗത്തെയും സൈന്യത്തെയുംവരെ ഉപയോഗിച്ച് അടിച്ചമർത്തുന്നു. താലിബാൻപോലുള്ള ഭീകരപ്രസ്ഥാനമായ ആർഎസ്എസിന്റെ നയങ്ങളാണ് കേന്ദ്ര സർക്കാർ നടപ്പാക്കുന്നത്. ഇതിനെതിരെ യുവമനസ്സുകളുടെ അടക്കം പ്രതിഷേധം അലയടിച്ചുയരുമെന്നും അദ്ദേഹം പറഞ്ഞു.
ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് വി വിനീത് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എ എ റഹീം, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ വി കെ സനോജ്, കെ യു ജെനീഷ്കുമാർ എംഎൽഎ, എം വിജിൻ എംഎൽഎ, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ ഷിജൂഖാൻ, എസ് കവിത, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എ എൻ അൻസാരി, ബാലമുരളി, പ്രജിൻസാജ് കൃഷ്ണ, ജില്ലാ സെക്രട്ടറി കെ പി പ്രമോഷ്, ട്രഷറർ വി അനൂപ് എന്നിവർ സംസാരിച്ചു.