തിരുവനന്തപുരം
ഇടതുപക്ഷമാണ് ശരിയെന്ന് കോൺഗ്രസിനും അംഗീകരിക്കേണ്ടിവന്നതായി മന്ത്രി പി രാജീവ് നിയമസഭയിൽ പറഞ്ഞു. ഈ തിരിച്ചറിവ് നല്ലതാണ്. അതിനാലാണ് തങ്ങളും ഇടതുപക്ഷമാണെന്നു സ്ഥാപിക്കാൻ കോൺഗ്രസ് നേതാക്കൾ ശ്രമിക്കുന്നത്.
നിയമസഭയിൽ ബില്ലുകളുടെ ചർച്ചയിൽ മറുപടി പറയുകയായിരുന്നു മന്ത്രി. ഇടതുപക്ഷ കക്ഷികളുടെ പിന്തുണ അനിവാര്യമായ ഘട്ടങ്ങളിൽമാത്രമാണ് രാജ്യത്ത് കോൺഗ്രസ് ഇടതുപക്ഷ സ്വഭാവുള്ള നയപരിപാപടികൾ നടപ്പാക്കിയിട്ടുള്ളത്. ബാങ്ക് ദേശസാൽക്കരണവും തൊഴിലുറപ്പ് പദ്ധതിയും ഉദാഹരണമാണ്. മറ്റെല്ലാ അവസരങ്ങളിലും കോൺഗ്രസ് വലതുപക്ഷ നയങ്ങളാണ് സ്വീകരിച്ചത്. അതേ നയം തീവ്രസ്വഭാവത്തിൽ നടപ്പാക്കുകയാണ് ബിജെപി.
കോൺഗ്രസ് ദുർബലപ്പെടരുതെന്നാണ് ഇടതുപക്ഷം ആഗ്രഹിക്കുന്നത്. എന്നാൽ, ഒരു നേതാവുപോലുമില്ലാത്ത പാർടിയായി അത് അധഃപതിക്കുന്നു. വർഗീയ ഫാസിസ്റ്റ് ഭരണത്തിനെതിരായ വിശാലമുന്നണി രൂപപ്പെടുത്താനാണ് ഇടതുപക്ഷം പ്രയത്നിക്കുന്നത്. ഇതിന്റെ ഫലം കർഷകസമരത്തിൽ പ്രകടമാണ്. ഇത് കോൺഗ്രസ് നേതാക്കൾ തിരിച്ചറിയണമെന്നും രാജീവ് പറഞ്ഞു.