ന്യൂഡൽഹി: അഭിഭാഷകൻ ബസന്ത് ബാലാജിയെ കേരള ഹൈക്കോടതിയിലെ അഡീഷണൽ ജഡ്ജിയായി നിയമിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി. ജസ്റ്റിസ് ഡി.ശ്രീദേവിയുടെ മകനാണ് ബസന്ത് ബാലാജി. വെള്ളിയാഴ്ചസത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റെടുക്കും.
2006 മുതൽ 11 വരെ കേരള ഹൈക്കോടതിയിലെ സംസ്ഥാന സർക്കാരിന്റെ സീനിയർ ഗവൺമെന്റ് പ്ലീഡർ ആയിരുന്നു ബസന്ത് ബാലാജി. വി.എസ്. സർക്കാരിന്റെ കാലത്ത് സുപ്രധാനമായ പല ഭൂമി ഏറ്റെടുക്കൽ കേസുകളിലും സർക്കാരിനുവേണ്ടി ഹാജരായിട്ടുണ്ട്. തിരുവനന്തപുരം ലയോള സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസവും തുടർന്ന് മാർ ഇവാനിയോസ് കോളേജിൽ പ്രീ ഡിഗ്രി പഠനവും പൂർത്തിയാക്കി. കേരള ലോ അക്കാദമിയിൽ നിന്ന് നിയമത്തിൽ ബിരുദവും കേരള സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.
ഭാര്യ: സിമി പൊറ്റങ്ങാടിൻ. മക്കൾ: ആനന്തിക ബസന്ത്, സാരംഗ് ബസന്ത്.
വിവിധ ഹൈക്കോടതികളിൽ എട്ട് ജഡ്ജിമാരെ കൂടി നിയമിച്ചു
ബസന്ത് ബാലാജിക്ക് പുറമെ എട്ട് പേരെ കൂടി വിവിധ ഹൈക്കോടതികളിൽ ജഡ്ജിമാരായി കേന്ദ്ര സർക്കാർ നിയമിച്ചു. ജാർഖണ്ഡ് ഹൈക്കോടതിയിലെ ജഡ്ജിമാരായി ഗൗതം കുമാർ ചൗധരി, അംബുജ് നാഥ്, നവനീത് കുമാർ, സഞ്ജയ് പ്രസാദ് എന്നിവരെയാണ് നിയമിച്ചത്. പട്ന ഹൈക്കോടതിയിലെ ജഡ്ജിമാരായി നവനീത് കുമാർ പാണ്ഡെയെയും സുനിൽ കുമാർ പൻവാറിനെയും ഛത്തീസ്ഗഢ് ഹൈക്കോടതിയിലെ അഡീഷണൽ ജഡ്ജിയായി ദീപക് കുമാർ തിവാരിയെയും മധ്യപ്രദേശ് ഹൈക്കോടതിയിലെ ജഡ്ജിയായി പി.കെ.കൗരവിനേയും നിയമിച്ച് കൊണ്ട് കേന്ദ്ര സർക്കാർ ഉത്തരവിറക്കി. മധ്യപ്രദേശിലെ അഡ്വക്കേറ്റ് ജനറൽ ആണ് കൗരവ്.
ഏഴ് ശുപാർശകൾ കേന്ദ്രത്തിന്റെ പരിഗണനയിൽ
കേരള ഹൈക്കോടതിയിലേക്ക് കൊളീജിയം നൽകിയ ഏഴ് ശുപാർശകൾ കേന്ദ്രത്തിന്റെ പരിഗണനയിൽ. ബസന്ത് ബാലാജിയുൾപ്പടെ എട്ട് പേരെ കേരള ഹൈക്കോടതി ജഡ്ജിമാരാക്കാനാണ് സെപ്റ്റംബർ ഒന്നിന് ചീഫ് ജസ്റ്റിസ് എൻ.വി.രമണയുടെ അധ്യക്ഷതയിൽ ചേർന്ന കൊളീജിയം യോഗം കേന്ദ്ര സർക്കാരിന് ശുപാർശ കൈമാറിയത്. അഭിഭാഷകരായ ശോഭ അന്നമ്മ ഈപ്പൻ, സഞ്ജിത കെ.അറയ്ക്കൽ, ടി.കെ.അരവിന്ദ കുമാർ ബാബു, ജുഡീഷ്യൽ ഓഫീസർമാരായ സി.ജയചന്ദ്രൻ, സോഫി തോമസ്, പി.ജി.അജിത് കുമാർ, സി.എസ്.സുധ എന്നിവരെയാണ് കൊളീജിയം ശുപാർശ ചെയ്ത മറ്റ് പേരുകൾ. കൊളീജിയം ശുപാർശ നിലവിൽ കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ പരിഗണനയിൽ ആണ്.
കെ.കെ.പോളിന്റെ ശുപാർശ മടക്കി
കേരള ഹൈക്കോടതി ജഡ്ജിയായി അഭിഭാഷകൻ കെ.കെ. പോളിനെ നിയമിക്കാനുള്ള ശുപാർശ മടക്കിയ കേന്ദ്ര സർക്കാരിന്റെ ഫയൽ സുപ്രീം കോടതി ഹൈക്കോടതിക്ക് കൈമാറി. 2018 ഏപ്രിൽ 12 -നാണ് അക്കാലത്തെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ഹൈക്കോടതി കൊളീജിയം അഭിഭാഷകനായ കെ.കെ. പോളിനെ ജഡ്ജിയായി നിയമിക്കണമെന്ന ശുപാർശ സുപ്രീം കോടതി കോളേജിയത്തിന് കൈമാറിയത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയുടെ അധ്യക്ഷതയിൽ 2019 മാർച്ച് 25 ന് ചേർന്ന സുപ്രീം കോടതി കൊളീജിയം ഈ ശുപാർശ അംഗീകരിച്ചശേഷം തുടർ നടപടികൾക്കായി കേന്ദ്ര സർക്കാരിന് കൈമാറിയിരുന്നു.
എന്നാൽ ശുപാർശ കേന്ദ്ര സർക്കാർ സുപ്രീം കോടതി കൊളീജിയത്തിന് മടക്കി. 2021 മാർച്ച് രണ്ടിന് ചേർന്ന സുപ്രീം കോടതി കൊളീജിയം തങ്ങളുടെ മുൻ ശുപാർശയിൽ ഉറച്ച് നിൽക്കുന്നുവെന്ന് വ്യക്തമാക്കി വീണ്ടും ഫയൽ കേന്ദ്രസർക്കാരിന് അയച്ചു. എന്നാൽ ഫയൽ വീണ്ടും കേന്ദ്രം മടക്കി. കൊളീജിയം ശുപാർശ ആവർത്തിച്ചാൽ അംഗീകരിക്കണമെന്ന വ്യവസ്ഥ മറികടന്നാണ് കേന്ദ്ര സർക്കാർ ഫയൽ മടക്കിയത്. കേന്ദ്ര സർക്കാർ സുപ്രീം കോടതി കൊളീജിയത്തിന് കൈമാറിയ ഫയലാണ് കേരള ഹൈകോടതിയിലേക്ക് ഇപ്പോൾ തിരിച്ച് അയച്ചത്. എന്തു കൊണ്ടാണ് ശുപാർശ മടക്കുന്നത് എന്ന കാര്യം ഫയലിൽ രേഖപെടുത്തിയിട്ടുണ്ടെന്നാണ് സൂചന.
Content Highlights:Basanth Balaji, kerala high court