കൊച്ചി > ചികിത്സാർഥം പൊതുജനങ്ങളിൽനിന്ന് പണം ശേഖരിക്കുന്നത് നിയന്ത്രിക്കുന്ന കാര്യത്തിൽ നിലപാടറിയിക്കാൻ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. മൂന്നാഴ്ചയ്ക്കകം വിശദീകരണം നൽകണം. സ്പൈനൽ മസ്കുലാർ അട്രോഫി രോഗം ബാധിച്ച കുട്ടികളുടെ ചികിത്സാ ധനശേഖരണം സംബന്ധിച്ച കേസുകളാണ് ജസ്റ്റിസ് പി ബി സുരേഷ്കുമാർ പരിഗണിച്ചത്. പെരിന്തൽമണ്ണ സ്വദേശി ഇർഫാൻ മുഹമ്മദ് എന്ന കുട്ടിയുടെ ചികിത്സയ്ക്കായി പതിനാറരക്കോടി രൂപ സമാഹരിച്ചതായി സഹായസമിതി കൺവീനർ അറിയിച്ചു.
കുട്ടി മരിച്ചുപോയെന്നും സമാനരോഗമുള്ള ആറു കുട്ടികൾക്ക് രണ്ടുകോടി രൂപവീതം നൽകാനും ബാക്കിയുള്ള നാലരക്കോടി രൂപ മങ്കട സർക്കാർ ആശുപത്രിയിൽ കുട്ടികളുടെ ചികിത്സയ്ക്കായി പ്രത്യേക വിഭാഗം നിർമിക്കാൻ തീരുമാനിച്ചതായും സമിതി കോടതിയെ അറിയിച്ചു. കണ്ണൂർ മാട്ടൂൽ പഞ്ചായത്തിലെ മുഹമ്മദ് എന്ന കുട്ടിയുടെ ചികിത്സാർഥം 46 കോടി രൂപ പിരിച്ചതിൽ ചികിത്സയ്ക്കായി 18 കോടി രൂപ മാറ്റിവച്ചെന്നും ബാക്കി തുക സർക്കാരിന് കൈമാറുമെന്നും സഹായസമിതി കൺവീനർ എം വിജിൻ എംഎൽഎ അറിയിച്ചു. ബാക്കി തുക സൂക്ഷിക്കാൻ കോടതി സഹായസമിതികൾക്ക് വാക്കാൽ നിർദേശം നൽകി. സമാനരോഗത്തിന് ചികിത്സാസഹായം ആവശ്യപ്പെട്ട് എട്ട് അപേക്ഷ ലഭിച്ചതായി സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.