തിരുവനന്തപുരം: പ്ലസ് വണ്ണിന്റെ രണ്ടാം ഘട്ട അലോട്ട്മെന്റ് നടക്കുന്നതിനിടെ പ്രവേശനം ലഭിക്കാതെ വലഞ്ഞ് വിദ്യാർഥികൾ. എല്ലാ വിഷയത്തിനും എ പ്ലസ് ഗ്രേഡ് ലഭിച്ചിട്ടുപോലും ഇഷ്ട വിഷയത്തിൽ പ്ലസ് വൺ പ്രവേശനം ലഭിക്കാത്തവരും അനവധിയുണ്ട്. രണ്ടാം ഘട്ട അലോട്ട്മെന്റ് പൂർത്തിയായപ്പോൾ പ്രവേശനം ലഭിക്കാതെ പുറത്ത് നിൽക്കുന്നത് 1.75 ലക്ഷത്തോളം വിദ്യാർഥികളാണ്. ഇതിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവരുമുണ്ട്. ഇതോടെ അൺ എയ്ഡഡ് സ്കൂളുകളിൽ ഫീസ് അടച്ച് പഠിക്കേണ്ട അവസ്ഥ വരുമോയെന്ന ആശങ്കയിലാണ് വിദ്യാർഥികൾ.
3,94,457 പ്ലസ് വൺ സീറ്റുകളാണ് സംസ്ഥാനത്ത് ആകയുള്ളത്. രണ്ട് അലോട്ട്മെന്റുകൾ കഴിഞ്ഞപ്പോഴേക്കും 2,69,533 കുട്ടികൾക്കാണ് പ്ലസ് വൺ പ്രവേശനം ലഭിച്ചത്. എന്നാൽ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ച കുട്ടികളുടെ എണ്ണം നാലരലക്ഷത്തോളമാണ്. രണ്ടാംഘട്ട അലോട്ട്മെന്റുകൂടി കഴിഞ്ഞതോടെ ശേഷിക്കുന്ന പാതിയോളം കുട്ടികൾക്ക് ഫീസ് മുടക്കി അൺ എയ്ഡഡ് സ്കൂളുകളുകളിലോ മാനേജ്മെന്റ്സീറ്റുകളിലോ പ്രവേശനം നേടേണ്ടിവരും. ഇനി സപ്ലിമെന്ററി അലോട്ട്മെന്റ് മാത്രമാണ് അവശേഷിക്കുന്നത്. മെറിറ്റ് വിഭാഗത്തിൽ ബാക്കിയുള്ളത് 655 സീറ്റുകൾ മാത്രവും.
മിക്ക കുട്ടികൾക്കും ഇഷ്ടപ്പെട്ട സ്കൂളുകളോ, വിഷയമോ ലഭിച്ചിട്ടില്ല. 1,21,318 കുട്ടികൾക്കാണ് ഇത്തവണ പത്താം ക്ലാസിൽ മുഴുവൻ വിഷയത്തിലും എപ്ലസ് കിട്ടിയത്. ഭൂരിഭാഗം കുട്ടികളും സയൻസ് വിഷയങ്ങൾക്ക് പരിഗണന കൊടുത്തു. സീറ്റുകളുടെ എണ്ണം സർക്കാർ വർധിപ്പിച്ചിരുന്നെങ്കിലും അധിക ബാച്ചുകൾ അനുവദിച്ചിരുന്നില്ല. ഇതാണ് പ്രതിസന്ധി രൂക്ഷമാകാൻ കാരണം.
Content Highlights:Kerala Plus One Second Allotment