കൊച്ചി> രാഷ്ട്രീയ കാര്ട്ടൂണുകളുടെ കുലപതിയായ കാര്ട്ടൂണിസ്റ്റ് യേശുദാസന് (83) അന്തരിച്ചു. കോവിഡ് ബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലായിരുന്നു. പത്തടിപ്പാലം ചങ്ങമ്പുഴ നഗറിലാണ് താമസം.1938 ജൂണ് 12ന് മാവേലിക്കരയ്ക്ക് അടുത്തുള്ള ഭരണിക്കാവിലാണ് ജനനം. ബിഎസ്സി ബിരുദത്തിനു ശേഷമാണ് കാര്ട്ടൂണ് രംഗത്ത് സജീവമാകുന്നത്. ലോകം യുദ്ധക്കൊതിയനെന്ന് വിളിച്ച അമേരിക്കന് സ്റ്റേറ്റ് സെക്രട്ടറി ജോണ് ഡഗ്ലസ് ഒരു ആറ്റം ബോബുമായി നൃത്തം ചവിട്ടുന്നതാണ് ആദ്യ കാര്ട്ടൂണ്. 1955-ല് കോട്ടയത്തു നിന്ന് കെ പി പന്തളത്തിന്റെ പത്രാധിപത്യത്തില് പ്രസിദ്ധീകരിച്ച ‘അശോക’ വിനോദമാസികയിലാണ് കാര്ട്ടൂണ് പ്രത്യക്ഷപ്പെട്ടത്.
ജനയുഗം ആഴ്ചപ്പതിപ്പിലെ ‘ചന്തു’ കാര്ട്ടൂണ് പരമ്പരയാണ് ആദ്യ കാര്ട്ടൂണ് പംക്തി. ജനയുഗം പത്രത്തിലെ ‘കിട്ടുമ്മാവന്’ മലയാളത്തിലെ ആദ്യത്തെ പോക്കറ്റ് കാര്ട്ടൂണായി. വനിതയിലെ മിസ്സിസ് നായര്, മലയാള മനോരയിലെ പൊന്നമ്മ സൂപ്രണ്ട്, ജൂബാ ചേട്ടന് എന്നീ കാര്ട്ടൂണ് കഥാപാത്രങ്ങളുടെ സൃഷ്ടാവാണ്.
1963-ല് ശങ്കറിന്റെ ശിഷ്യനായി ദില്ലിയിലെ ശങ്കേഴ്സ് വീക്ക്ലിയില് ചേര്ന്നു. അടിയന്തരാവസ്ഥക്കാലം വരെ രാഷ്ട്രീയ കാര്ട്ടൂണുകള് വരച്ച യേശുദാസന് കേരളത്തില് തിരിച്ചെത്തിയ ശേഷം അന്നത്തെ രാജ്യസഭാംഗമായ സി അച്യുതമേനോന്റെ ആവശ്യപ്രകാരം 1969 മുതല് ‘ബാലയുഗം’ കുട്ടികളുടെ മലയാളം മാസിക എഡിറ്ററായി ചുമതലയെടുത്തു. ശങ്കേഴ്സ് വീക്കിലിയുടെ ചുവടുപിടിച്ച് ‘അസാധു’ എന്ന ജനപ്രിയ രാഷ്ട്രീയ മാസികയും സിനിമാ ഹാസ്യമാസികയായ കട്ട്-കട്ട്’, ടക്-ടക്, സാധു എന്നീ പ്രസിദ്ധീകരണങ്ങളും തുടങ്ങി.
പ്രസിദ്ധീകരണരംഗത്തു നിന്ന് പിന്മാറിയ യേശുദാസന് 1985-ല് മലയാള മനോരമ ദിനപത്രത്തില് ചേര്ന്നു. ഇരുപത്തിമൂന്നു കൊല്ലത്തോളം സ്റ്റാഫ് കാര്ട്ടൂണിസ്റ്റായി മലയാള മനോരമയില് പ്രവര്ത്തിച്ചു. തുടര്ന്ന് മെട്രോ വാര്ത്ത, ദേശാഭിമാനി എന്നീ ദിനപത്രങ്ങളിലും തുടര്ന്ന് സേവനം അനുഷ്ടിച്ചു. ദേശാഭിമാനിയില് സ്ഥിരമായി കാര്ട്ടൂണകള് വരച്ചിരുന്നു.
കേരള കാര്ട്ടൂണ് അക്കാദമിയുടെ സ്ഥാപക അധ്യക്ഷനായ യേശുദാസന് കേരള ലളിതകലാ അക്കാദമി അധ്യക്ഷനായിരുന്നു. ഇംഗ്ലീഷ്, ഹിന്ദി പ്രസിദ്ധീകരണങ്ങളിലും അദ്ദേഹം കാര്ട്ടൂണുകള് വരച്ചിട്ടുണ്ട്.
1984-ല് കെ ജി ജോര്ജിന്റെ സംവിധാനത്തില് പുറത്തിറങ്ങിയ ‘പഞ്ചവടിപ്പാലം’ എന്ന ചിത്രത്തിന്റെ സംഭാഷണം രചിച്ചു. 1992-ല് എ ടി അബു സംവിധാനം ചെയ്ത ‘എന്റെ പൊന്നു തമ്പുരാന്’ എന്ന ചിത്രത്തിന് തിരക്കഥയും എഴുതിയത് അദ്ദേഹമാണ്. 2019-ലെ സ്വദേശാഭിമാനി കേസരി പുരസ്കാരം ലഭിച്ചിട്ടുണ്ട്. കേരള സര്ക്കാരിന്റെ 2001, 2002, 2003 വര്ഷങ്ങളിലെ കേരള സ്റ്റേറ്റ് പ്രസ് അവാര്ഡ്, 1998ല് നാഷണല് ഫിലിം അക്കാദമി കാര്ട്ടൂണിസ്റ്റ് ശിവറാം അവാര്ഡ്, ബംഗളൂരു ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് കാര്ട്ടൂണിസ്റ്റ്സിന്റെ 2001ലെ ലൈഫ് ടൈം അചീവ്മെന്റ് അവാര്ഡ് തുടങ്ങി നിരവധി പുരസ്ക്കാരങ്ങള് ലഭിച്ചിട്ടുണ്ട്. അണിയറ, പ്രഥമദൃഷ്ടി, പോസ്റ്റ്മോര്ട്ടം, വരയിലെ നായനാര്, വരയിലെ ലീഡര്,9—പുരാണക്വിലാ റോഡ് എന്നിവ പ്രധാന കൃതികളാണ്.
പരേതരായ ജോണ് മത്തായിയുടേയും മറിയാമ്മയുടെയും മകനാണ്. ഭാര്യ: മേഴ്സി. മക്കള്: സാനു, സേതു, സുകു. മരുമക്കള്: ജയ, അലക്സി.
ആറുപതിറ്റാണ്ടായി രാഷ്ട്രീയ കാര്‍ട്ടൂണ്‍ രംഗത്ത് അതികായനായിരുന്നു യേശുദാസൻ. കേരളത്തിലെ ആദ്യത്തെ പോക്കറ്റ് കാര്‍ട്ടൂണ്‍ രചിയിതാവ്, മലയാള മാധ്യമ രംഗത്തെ ആദ്യത്തെ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റ് എന്നിങ്ങനെ നിരവധി പ്രത്യേകതകള്‍ യേശുദാസനുണ്ടായിരുന്നു.
ജനയുഗം, മലയാള മനോരമ എന്നിങ്ങനെ നിരവധി മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. കേരള കാര്‍ട്ടൂൺ അക്കാദമിയുടെ സ്ഥാപക ചെയര്‍മാനും ലളിതകലാ അക്കാദമിയുടെ മുൻ പ്രസിഡന്റുമായിരുന്നു അദ്ദേഹം. ജനയുഗം ദിനപത്രത്തിലെ ‘കിട്ടുമ്മാവൻ’ എന്ന കഥാപാത്രത്തിലൂടെ യേശുദാസന്‍ അവതരിപ്പിച്ച കാർട്ടൂണുകൾ മലയാളത്തിലെ ആദ്യത്തെ ‘പോക്കറ്റ്’ കാർട്ടൂണാണ്. വനിതയിലെ ‘മിസ്സിസ് നായർ’, മലയാള മനോരയിലെ ‘പൊന്നമ്മ സൂപ്രണ്ട്’ ‘ജൂബാ ചേട്ടൻ’ എന്നീ ജനപ്രിയ കാർട്ടൂൺ കഥാപാത്രങ്ങള്‍ സൃഷ്ടിച്ചതും യേശുദാസനാണ്.