കൂത്താട്ടുകുളം
പാലാ സെന്റ് തോമസ് കോളേജിൽ സഹപാഠിയായ വിദ്യാർഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ രണ്ടാംദിവസവും തെളിവെടുപ്പിനായി കൂത്താട്ടുകുളത്ത് എത്തിച്ചു. കൂത്താട്ടുകുളം കോഴിപ്പിള്ളി ഉപ്പനാനിയിൽ പുത്തൻപുരയിൽ അഭിഷേക് ബൈജുവിനെയാണ് (20) പൊലീസ് തെളിവെടുപ്പിനായി കൂത്താട്ടുകുളത്ത് എത്തിച്ചത്. തലയോലപ്പറമ്പ് സ്വദേശി നിതിനമോളാണ് (22) കൊല്ലപ്പെട്ടത്.
ചൊവ്വ പകൽ പന്ത്രണ്ടോടെ പാലാ സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയുമായി കോഴിപ്പിള്ളിയിലുള്ള വീട്ടിലെത്തിയത്. ഈസമയം അഭിഷേകിന്റെ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. കൂത്താട്ടുകുളം പൊലീസിന്റെ സഹായത്തോടെ അഭിഷേകിന്റെ അച്ഛൻ ബൈജുവിനെ വിളിച്ചുവരുത്തിയാണ് തെളിവെടുപ്പ് നടത്തിയത്.
കൊലപാതകത്തിന് ഉപയോഗിച്ച കത്തിയിൽ ആദ്യമുണ്ടായിരുന്ന ബ്ലേഡ് പ്രതിയുടെ കിടപ്പുമുറിയിലെ അലമാരയിൽനിന്ന് കണ്ടെടുത്തു. അലമാരയിൽ സൂക്ഷിച്ചിരുന്ന പഴയ ബ്ലേഡ് പ്രതിതന്നെയാണ് പൊലീസിന് എടുത്തുനൽകിയത്. അഭിഷേക് കൊലപാതകത്തിന് ഉപയോഗിച്ച കത്തിയിലെ ബ്ലേഡ് വാങ്ങിയ കൂത്താട്ടുകുളം നടപ്പും ബൈപാസിലെ പേപ്പർ മാർട്ടിൽ തിങ്കൾ വൈകിട്ട് തെളിവെടുപ്പ് നടന്നിരുന്നു.
സ്ഥാപനത്തിൽനിന്ന് ബ്ലേഡ് വാങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ കണ്ട് സ്ഥിരീകരിച്ച പൊലീസ്, ദൃശ്യങ്ങൾ പെൻഡ്രൈവിൽ പകർത്തി മടങ്ങുകയായിരുന്നു. തെളിവെടുപ്പിനുശേഷം പ്രതിയുമായി പൊലീസ് പാലായിലേക്ക് മടങ്ങി.