കോഴിക്കോട് > ഓടിവരുന്ന വണ്ടി ചാർജ് തീർന്ന് പാതിവഴിയിൽ കിതയ്ക്കുമെന്ന പേടി ഇനി വേണ്ട. വൈദ്യുതി തൂണിൽനിന്ന് ചാർജ് ചെയ്യാൻ സൗകര്യമൊരുക്കുകയാണ് കെഎസ്ഇബി. കോഴിക്കോട് നഗരത്തിൽ പത്തിടങ്ങളിലാണ് ഇലക്ട്രിക് ഓട്ടോറിക്ഷകൾക്കും സ്കൂട്ടറുകൾക്കുമായി ചാർജിങ് പോയിന്റുകൾ തുടങ്ങുന്നത്. സ്റ്റാർട്ടപ്പ് കമ്പനിയായ ‘ചാർജ് മോഡു’മായി ചേർന്നാണ് പദ്ധതി.
സരോവരം മിനി ബൈപാസിലെ ബിവറേജസിനു സമീപം, കടപ്പുറത്തെ സ്വാതന്ത്ര്യ ചത്വരം, ചെറൂട്ടി നഗർ ജങ്ഷൻ, ജോസഫ് റോഡ്, കസ്റ്റംസ് ക്വാർട്ടേഴ്സ്, വാണിജ്യ നികുതി ഓഫീസ് റോഡ്, മേയർ ഭവൻ, മുത്തപ്പൻകാവ്, മൂന്നാലിങ്കൽ, വെള്ളയിൽ ഹാർബർ എന്നിവിടങ്ങളിലാണ് ചാർജിങ് പോയിന്റുകൾ. ചാർജ് മോഡ് എന്ന മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യലാണ് ആദ്യപടി. ആപ് തുറന്നാൽ അടുത്ത ചാർജിങ് പോയിന്റ് എവിടെയെന്നും എത്ര വാഹനങ്ങളുണ്ടെന്നുമെല്ലാം അറിയാം. മൊബൈൽ ചാർജ് ചെയ്യുന്നത്ര എളുപ്പത്തിൽ പണവുമടയ്ക്കാം. നിരക്ക് എത്രയെന്ന് അടുത്ത ദിവസങ്ങളിൽ തീരുമാനമാകും.
സ്കൂട്ടറുകളെയും ഓട്ടോറിക്ഷകളെയും ലക്ഷ്യമിട്ടാണ് ചാർജ് പോയിന്റുകൾ. സർവീസ് നടത്തുന്നതിനിടെ അൽപ്പസമയം ചാർജ് ചെയ്ത് യാത്ര തുടരാനാകുമെന്നതാണ് പദ്ധതിയുടെ ഗുണമെന്ന് കെഎസ്ഇബി അസി. എൻജിനിയർ കെ പി സിറാജുദീൻ പറഞ്ഞു. ജില്ലയിൽ 250 ഇലക്ട്രിക് ഓട്ടോറിക്ഷകളാണുള്ളത്. നൂറ്റമ്പതും നഗര പരിധിയിലാണ്. കെഎസ്ഇബിയുടെ നാല് ചാർജിങ് സ്റ്റേഷനുകൾക്കു പുറമെ സ്വകാര്യ ചാർജിങ് സ്റ്റേഷനുകളാണുള്ളത്. ഇവിടെ വൻ തുക ഈടാക്കുന്നുവെന്ന പരാതിയുമുണ്ടായിരുന്നു.
ഉദ്ഘാടനം 9ന്
ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള ചാർജിങ് പോയിന്റുകൾ ശനിയാഴ്ച രാവിലെ ഒമ്പതരയ്ക്ക് കടപ്പുറത്തെ സ്വാതന്ത്ര്യ ചത്വരത്തിനു സമീപം മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി പി എ മുഹമ്മദ് റിയാസടക്കമുള്ളവർ പങ്കെടുക്കും.