കൊച്ചി: ശബരിമലയുമായി ബന്ധപ്പെട്ട ചെമ്പോല മോൻസന്റെ സുഹൃത്ത് സന്തോഷിന് കൈമാറിയത് താനാണെന്ന് തൃശൂർ സ്വദേശി ഗോപാലകൃഷ്ണൻ. 300 വർഷം പഴക്കമുള്ള ചെമ്പോലയാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയിരുന്നെന്നും പുരാവസ്തു കച്ചവടക്കാരനായ ഗോപാലകൃഷ്ണൻ അവകാശപ്പെട്ടു.
ത്യശൂർ ഫിലാറ്റലിക് ക്ലബിൽ വെച്ച് കാലപ്പഴക്കം തോന്നിയത് കൊണ്ടാണ് ഒരാളിൽ നിന്ന് ചെമ്പോല വാങ്ങിയതെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു. ഇത് സന്തോഷ് എന്നയാൾക്ക് കൊടുത്തത് താനാണ്. പണം വാങ്ങിയാണ് സന്തോഷിന് ചെമ്പോല നൽകിയത്. ക്ലബ്ബ് അംഗമായ ഒരു പുരാവസ്തു വിദഗ്ദ്ധനാണ് ചെമ്പോല പരിശോധിച്ച് ആധികാരികത ഉറപ്പുവരുത്തിയത്.
അമ്പലത്തിലെ വെടിവഴിപാടോ നാളികേരമോ ഒരു പ്രത്യേക വ്യക്തിയെ ചുമതലപ്പെടുത്തി എന്നതാണ് ചെമ്പോലയിലെ എഴുത്തിന്റെ ഉള്ളടക്കം. രണ്ടുവർഷം മുൻപാണ് സന്തോഷിന് ചെമ്പോല കൈമാറിയത്. മോൻസണിന്റെ കയ്യിലെത്തിയത് അറിഞ്ഞിരുന്നില്ല. മോൻസണുമായി നേരിട്ട് ഇടപാടൊന്നുമില്ല. ഒരിക്കൽ തന്നെ വിളിച്ചിരുന്നു. മോൻസണെ പരിചയപ്പെടാത്തത് നന്നായി എന്ന് ഇപ്പോൾ തോന്നുന്നുവെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
ത്യശൂരിലെ അജ്ഞാതനിൽനിന്ന് ചെമ്പോല വാങ്ങിയെന്നായിരുന്നു ഇടനിലക്കാരൻ സന്തോഷ് ഇന്നലെ പറഞ്ഞത്.
Content Highlights: Monson case thrissur native claimed he hand over the chembola to santhosh