കൊച്ചി: കാക്കനാട്ട് 11 കോടിയുടെ ലഹരിമരുന്നു പിടികൂടിയ കേസിൽ കൂടുതൽ പേർ ഇനിയും പിടിയിലാകാനുണ്ടെന്ന് എക്സൈസ്. സംഘത്തെ നിയന്ത്രിച്ചിരുന്ന കൊച്ചി സ്വദേശിനി സുസ്മിത ഫിലിപ്പിനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും.ഇവരെ കഴിഞ്ഞ ദിവസമാണ് പിടികൂടിയത്. ഫ്ളാറ്റുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്നു വിൽപന നടന്നിരുന്നുവെന്നും കസ്റ്റഡി അപേക്ഷയിൽ എക്സൈസ് പറയുന്നു.
കേസിൽ ഇനിയും ഏറെപേർ പിടിയിലാകാനുണ്ടെന്നാണ് എക്സൈസ് പറയുന്നത്. കഴിഞ്ഞദിവസമാണ് 12-ാം പ്രതി സുസ്മിതയെ അറസ്റ്റ് ചെയ്തത്. സുസ്മിതയാണ് എല്ലാക്കാര്യങ്ങൾക്കും നേതൃത്വം നൽകി നിയന്ത്രിച്ച് നിന്നിരുന്നവരിലൊരാൾ. ആദ്യം പിടിയിലായ കേസിലെ പ്രതികളുടെ അക്കൗണ്ടിലേക്ക് വൻതുകകൾ സുസ്മിത അയച്ചിരുന്നു. ഗൂഗിൾ പേയിലൂടെയും മറ്റുമായിരുന്നു ഇത്. മയക്കുമരുന്നു സംഘങ്ങൾക്കിടയിൽ സുസ്മിത അറിയപ്പെട്ടിരുന്നത് ടീച്ചർ എന്നായിരുന്നെന്നും എക്സൈസ് പറയുന്നു.
സുസ്മിത ഗൂഢാലോചനയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവരെ ചോദ്യം ചെയ്താൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നുമാണ് എക്സൈസിന്റെ വിലയിരുത്തൽ. 12 പ്രതികൾ ഇതുവരെ കേസിൽ അറസ്റ്റിലായിട്ടുണ്ട്. ഇവരിൽ ചിലരുടെ ഫോണിലേക്ക് ശ്രീലങ്കയിൽനിന്നടക്കം കോളുകൾ എത്തിയിട്ടുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു.
ലഹരി പാർട്ടികൾ സംഘടിപ്പിക്കാനും സാമ്പത്തികം ഉൾപ്പെടെയുള്ള സഹായങ്ങൾ ഒരുക്കാനും മുന്നിൽ നിന്നത് സുസ്മിതയായിരുന്നു. വൻകിട ഹോട്ടലുകളിലും ക്ലബ്ബുകളിലും നടന്ന റേവ് പാർട്ടികളിൽ ഇവർ പങ്കെടുത്തിട്ടുണ്ട്. പ്രതികളിൽ ചിലർക്കൊപ്പം ഒട്ടേറെ ഹോട്ടലുകളിൽ ഇവർ താമസിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്. സിനിമാ രംഘത്തെ ചിലരുമായി ബന്ധം സൂക്ഷിക്കുന്ന ഇവരാണ് പല ഡീലുകളിലും ഇടനിലക്കാരിയെന്നാണ് കരുതുന്നത്.
പ്രതികളിൽനിന്ന് പിടികൂടിയ വിദേശ ഇനം നായ്ക്കളെ ആദ്യം സംരക്ഷിച്ചതും ഇവരായിരുന്നു. പ്രതികൾക്ക് നിയമസഹായം നൽകാനും ഇവർ മുന്നിട്ടിറങ്ങിയിരുന്നു. നേരത്തെ ചോദ്യംചെയ്ത് വിട്ടയച്ചിരുന്നതാണ്. തുടർന്ന് നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് എക്സൈസ് ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ ടി.എം. കാസിം പ്രതിയെ അറസ്റ്റ് ചെയ്തത്.
content highlights:kakkanad drug case: excise will taken susmitha into custody