ബംഗളൂരു
ഐ ലീഗ് ഫുട്ബോൾ രണ്ടാം ഡിവിഷനിൽ കേരള യുണൈറ്റഡ് എഫ്സി ഇന്ന് കളത്തിലിറങ്ങും. ബംഗളൂരു ഫുട്ബോൾ സ്റ്റേഡിയത്തിൽ പകൽ 12.30ന് നടക്കുന്ന കളിയിൽ മുംബൈ ക്ലബ്ബായ കെൻകരെ എഫ്സിയാണ് എതിരാളി. രണ്ട് ഗ്രൂപ്പുകളിലായി 10 ടീമുകളാണ് മാറ്റുരയ്ക്കുക. ബി ഗ്രൂപ്പിലാണ് കേരളത്തിൽനിന്നുള്ള ഏക ടീമായ യുണൈറ്റഡ് എഫ്സി. ഗ്രൂപ്പുകളിലെ ആദ്യ രണ്ട് സ്ഥാനക്കാർ പ്ലേ ഓഫ് യോഗ്യത നേടും. കൂടുതൽ ജയമുള്ള ടീം ഒന്നാം ഡിവിഷനിലേക്ക് മുന്നേറും.
മലയാളിതാരങ്ങളുടെ കരുത്തിലാണ് യുണൈറ്റഡ് എഫ്സി ഇറങ്ങുന്നത്. അർജുൻ ജയരാജ് നായകനായ ടീമിന്റെ ശരാശരി പ്രായം 22 ആണ്. മുന്മുൺ ലുഗുണ, കേരള സന്തോഷ് ട്രോഫി ടീം ക്യാപ്റ്റൻ ഗോൾകീപ്പർ വി മിഥുൻ, സൽമാൻ കളിയത്ത് തുടങ്ങിയവരാണ് പരിചയസമ്പന്നർ. ഇരുപതുകാരനായ ബ്രസീൽതാരം ഗബ്രിയേൽ ലിമ പ്രതിരോധത്തിന് കരുത്താകും. ബിനോ ജോർജാണ് പരിശീലകൻ.















