കൊച്ചി> സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആയുര്‍വേദ വിദ്യാര്‍ഥിനി വിസ്മയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയും ഭര്‍ത്താവുമായ കിരണ്‍ കുമാറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാനായി മാറ്റി. അന്വേഷണം പൂര്‍ത്തിയായെന്നും കുറ്റപത്രം സമര്‍പ്പിച്ചെന്നും പ്രതിഭാഗം ബോധിപ്പിച്ചു.
കിരണിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥനല്ല.സാക്ഷികളെ സ്വാധീനിക്കാനും കിരണിന് കഴിയില്ല.വിസ്മയ ടിക് ടോക്, ഫേസ്ബുക്ക് ,വാട്ട്സ്ആപ് എന്നിവക്ക് അടിമയായിരുന്നു.ഫേസ്ബുക്ക് അക്കൗണ്ട് അവസാനിപ്പിച്ചു.ഫോണ്‍ വാങ്ങിവെച്ചത് പഠിക്കാന്‍ വേണ്ടിയാണന്നും പരീക്ഷാ സമയത്തായിരുന്നു ഇതെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു.
അതേസമയം, പ്രതിക്കെതിരെ സാക്ഷിമൊഴികളും രേഖാപരമായ തെളിവുകളും
ഉണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. പ്രതിക്കെതിരെ സ്ത്രീധന പീഡനം, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ടെന്നും ജാമ്യം അനുവദിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യൂഷന് വ്യക്തമാക്കി.
കേസില്‍ നിന്ന് രക്ഷപ്പെട്ട് ജോലിയില്‍ തിരിച്ചുകയറാനാണ് പ്രതിയുടെ ശ്രമമെന്നും ജാമ്യം നല്കിയാല് സാക്ഷികളെ സ്വാധീനിക്കുമെന്നും വിസ്മയയുടെ സഹോദരന് ഭീഷണിക്കത്ത് ലഭിച്ചതായി
പരാതിയുണ്ടന്നും പ്രോസിക്യൂഷന് കോടതിയില്‍ പറഞ്ഞു.വിചാരണക്കോടതി ജാമ്യം നിരസിച്ചതിനെ തുടര്‍ന്നാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്.