തിരുവനന്തപുരം: കോളേജുകൾ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദ വഴിയിലേക്ക് ചിന്തിപ്പിക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നുവെന്നസിപിഎം റിപ്പോർട്ട് തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ക്യാമ്പസുകളിൽ യുവതികളെ വർഗീയതയിലേക്ക് അകർഷിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ഇന്റലിജൻസ് മേധാവി ഇത് സംബന്ധിച്ച് സർക്കാരിന് റിപ്പോർട്ടുകളൊന്നും നൽകിയിട്ടില്ലെന്നും ചോദ്യോത്തര വേളയിൽ ഷാഫി പറമ്പിൽ അടക്കമുള്ള പ്രതിപക്ഷ അംഗങ്ങൾ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
പ്രൊഫഷണൽ കോളേജുകൾ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദ വഴിയിലേക്ക് ചിന്തിപ്പിക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നുവെന്നായിരുന്നു സിപിഎം പുറത്തിറക്കിയ കുറിപ്പിൽ പറഞ്ഞിരുന്നത്. വർഗീയതയിലേക്കും തീവ്രവാദത്തിലേക്കും യുവാക്കളെ ആകർഷിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും പാർട്ടി സമ്മേളനങ്ങളുടെ ഉദ്ഘാടന പ്രസംഗം സംബന്ധിച്ച് നൽകിയ കുറിപ്പിൽ പറഞ്ഞിരുന്നു. ഇക്കാര്യങ്ങളാണ് ഷാഫി പറമ്പിൽ അടക്കമുള്ള പ്രതിപക്ഷ അംഗങ്ങൾ ചോദ്യോത്തര വേളയിൽ ഉന്നയിച്ചത്.
ക്യാമ്പസുകളിൽ യുവതികളെ വർഗീയതയിലേക്ക് അകർഷിക്കാൻ ബോധപൂർവമായ ഒരു ശ്രമവും നടക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച് അന്വേഷണം നടന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. ഇന്റലിജൻസ് മേധാവി ഇത് സംബന്ധിച്ച് ഒരു റിപ്പോർട്ടും നൽകിയിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് വിവിധ മതങ്ങൾക്കിടയിൽ സ്പർധ വർധിക്കുന്നതായി മാധ്യമവാർത്തകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് വർഗീയതയുമായി ബന്ധപ്പെട്ട മറ്റൊരു ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് പൊതുവിൽ സമാധാനാന്തരീക്ഷമാണുള്ളത്. അതേസമയം, ഇത്തരം നീക്കങ്ങൾ തടയാൻ ക്രിയാത്മകമായ നടപടികൾ സർക്കാർ നടത്തുന്നുണ്ട്. വ്യാജവാർത്തകൾ നൽകി വർഗീയ കലാപം സൃഷ്ടിക്കാൻ ചില ഓൺലൈൻ പോർട്ടലുകൾ ശ്രമിക്കുന്നതായും മുഖ്യമന്ത്രി ആരോപിച്ചു. ഇത് തടയാൻ രഹസ്യാന്വേഷണ വിഭാഗവും സൈബർ സെല്ലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇത്തരം സംഭവങ്ങളിൽ ചില ഓൺലൈൻ പോർട്ടലുകൾക്കെതിരേ നടപടി എടുത്തതായും അദ്ദേഹം പറഞ്ഞു.
Content highlights:pinarayi vijayan niyamasabha speech