തിരുവനന്തപുരം > അടിസ്ഥാനവിഭാഗങ്ങൾക്ക് വേണ്ട പദ്ധതികൾ നടപ്പാക്കുകയെന്ന കേവലദൗത്യം മാത്രമല്ല നീതിയുക്തമായി അവർക്കവകാശപ്പെട്ടവയെല്ലാം ഉറപ്പുവരുത്തുക കൂടിയാണ് സർക്കാരിന്റെ ദൗത്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മഹാത്മാഗാന്ധിയുടെ ജൻമദിനത്തോടനുബന്ധിച്ച് പട്ടികജാതി, പട്ടികവർഗ വികസനവകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സാമൂഹ്യ ഐക്യദാർഢ്യപക്ഷാചരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഓൺലൈനായി സംഘടിപ്പിച്ച ചടങ്ങിൽ പട്ടികജാതി–- പട്ടികവർഗ പിന്നാക്കക്ഷേമ മന്ത്രി കെ രാധാകൃഷ്ണൻ അധ്യക്ഷനായി. മന്ത്രി ജി ആർ അനിൽ മുഖ്യാതിഥിയായി. പട്ടികജാതി വിഭാഗങ്ങളുടെ നിലവിലുള്ള സ്ഥിതിയെപ്പറ്റി കൃത്യമായ പഠനം നടത്താനും വിവരം ശേഖരിക്കാനും ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യാനുമായി വിവരശേഖരണ സർവേ ആരംഭിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ട്. മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾക്കും ആരംഭം കുറിക്കും. പട്ടികജാതി –- പട്ടികവർഗ വകുപ്പുകൾക്കു കീഴിലുള്ള ഐടിഐകളുടെ നവീകരണവും ഇതോടൊപ്പം ആരംഭിക്കും.
പട്ടികവർഗത്തിലെ ദുർബല വിഭാഗത്തിൽ നിന്ന് വിദ്യാർഥികളെ തെരഞ്ഞെടുത്ത് സിവിൽ സർവീസ് പരിശീലന കേന്ദ്രങ്ങളിൽ എത്തിച്ച് പരീക്ഷയ്ക്കായി സജ്ജരാക്കാൻ ആവശ്യമായ പദ്ധതി ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പട്ടികജാതി–- പട്ടികവർഗ വികസന വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ്, പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ എം ജി രാജമാണിക്യം, പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ ടി വി അനുപമ തുടങ്ങിയവരും പങ്കെടുത്തു.