ന്യൂഡൽഹി > കർഷകസമര വിഷയത്തിൽ സംയുക്ത കിസാൻമോർച്ച(എസ്കെഎം)കോടതിയെ സമീപിക്കുകയോ അതിനായി ആരെയെങ്കിലും ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് അഖിലേന്ത്യ കിസാൻസഭ വ്യക്തമാക്കി.
സുപ്രീംകോടതിയെ സമീപിച്ച വ്യക്തിക്ക് എസ്കെഎമ്മുമായോ ഒരു വർഷമായി നടന്നുവരുന്ന പ്രക്ഷോഭവുമായോ ബന്ധമില്ല. കോടതിയെ സമീപിക്കുന്നതിൽ അർഥമില്ലെന്നും കർഷകർ സമരത്തിലാണെന്നും സുപ്രീംകോടതിതന്നെ വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീംകോടതി നിയോഗിച്ച കമീഷനെ എസ്കെഎം ബഹിഷ്കരിച്ചിരുന്നു. കമീഷൻ റിപ്പോർട്ടിന് എന്ത് സംഭവിച്ചുവെന്ന് ആർക്കുമറിയില്ല. കർഷകരുടേത് നിയമയുദ്ധമല്ല. ജീവനും ജീവനോപാധിയും സംരക്ഷിക്കാനുള്ള പോരാട്ടമാണ്.
ജന്തർ മന്ദറിലടക്കം ഒരു വർഷമായി സമരം തുടരവെ സമരം ചെയ്യാൻ അനുമതിതേടി പൊടുന്നനെ ഒരാൾ കോടതിയെ സമീപിച്ചത് വിചിത്രം. പ്രശ്നം ജനാധിപത്യപരമായി പരിഹരിക്കുന്നതിൽ മോദിസർക്കാർ പരാജയപ്പെട്ടു. ജനുവരി 22നുശേഷം ചര്ച്ചക്ക് സർക്കാർ തയ്യാറായിട്ടില്ല. പോരാട്ടത്തിൽ 605 കർഷകർക്ക് ജീവൻ നഷ്ടപ്പെട്ടു. ദിവസം ശരാശരി രണ്ട് കർഷകർ വീതം മരിക്കുന്നു. പ്രശ്നപരിഹാരത്തിനുള്ള വഴി ചർച്ച മാത്രമാണ്–-കിസാൻസഭ പ്രസിഡന്റ് അശോക് ധാവ്ളെയും ജനറൽ സെക്രട്ടറി ഹനൻ മൊള്ളയും പ്രസ്താവനയിൽ പറഞ്ഞു.