തിരുവനന്തപുരം > കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്കുള്ള (കെഎഎസ്) അഭിമുഖം അവസാനിച്ചു. ഒക്ടോബറിൽ റാങ്ക്പട്ടിക പ്രസിദ്ധീകരിച്ച് കേരളപ്പിറവിയോടെ നിയമനശുപാർശ അയക്കലാണ് പിഎസ്സിയുടെ ലക്ഷ്യം. 105 പേരെയാണ് ആദ്യഘട്ടം നിയമിക്കുക.
നവംബർ അവസാനത്തോടെ ഇവർക്കുള്ള പരിശീലനം ആരംഭിക്കും. സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള ഭരണനിർവഹണ പരിശീലനകേന്ദ്രത്തിന്റെ (ഐഎംജി) മേൽനോട്ടത്തിൽ 18മാസം മുതൽ രണ്ടുവർഷംവരെ പരിശീലനമുണ്ടാവും. ഇന്ത്യയിലെ പ്രധാന ഭരണനിവർവഹണ പരിശീലനകേന്ദ്രങ്ങളിലുൾപ്പെടെയാകുമിത്. സെപ്തംബർ ഒന്നുമുതൽ 30വരെ 13 ദിവസമായി പട്ടം ആസ്ഥാന ഓഫീസിൽ നടന്ന അഭിമുഖത്തിൽ അഞ്ഞൂറിലധികം ഉദ്യോഗാർഥികൾ പങ്കെടുത്തു.
കെഎഎസ് ഓഫീസർ (ജൂനിയർ ടൈം സ്കെയിൽ) ട്രെയ്നി തസ്തികയുടെ മൂന്ന് വിഭാഗത്തിലുമായി (186/19, 187/19, 188/19) 575 പേരാണ് ചുരുക്കപ്പട്ടികയിലുള്ളത്. എല്ലാ സ്ട്രീമിൽനിന്നും തുല്യ അനുപാതത്തിൽ 35 പേർക്ക് വീതമാണ് ആദ്യഘട്ട നിയമനം. തുടർഒഴിവുകളും ഈ പട്ടികയിൽനിന്ന് നികത്തും. ഒരുവർഷമാണ് റാങ്ക് പട്ടികയുടെ കാലാവധി. മൂന്ന് വിഭാഗത്തിലുമായി ഇരുനൂറോളം പേർ മുഖ്യപട്ടികയിലും മുന്നൂറ്റമ്പതോളം പേർ സപ്ലിമെന്ററി പട്ടികയിലും ഉൾപ്പെടും. 2019ലെ കേരളപ്പിറവിദിനത്തിലാണ് കെഎഎസ് വിജ്ഞാപനം പുറപ്പെടുവിച്ചത്.