കോഴിക്കോട് > കൗമാരം പിന്നിടുന്ന യുവാക്കൾക്കിടയിൽ എച്ച്ഐവി ബാധ കൂടുന്നു. 19നും 25നും ഇടയിൽ പ്രായക്കാരായ ആൺകുട്ടികളിലാണ് അണുബാധ കൂടുതലും. 2019 – 20ലെ സർവേയിൽ ഈ പ്രായക്കാരായ 72 പേരിൽ പുതുതായി എച്ച്ഐവി കണ്ടെത്തി. നാല് വർഷവും സമാന ഉയർച്ചയുണ്ടായി.
സുരക്ഷിതമല്ലാതെയും മുൻകരുതലില്ലാതെയുമുള്ള ലൈംഗിക ബന്ധങ്ങളാണ് കാരണമെന്നാണ് വിലയിരുത്തൽ. അഞ്ച് വർഷമായി കാണുന്ന ഈ പ്രവണത കുറയാത്തത് ആശങ്കയുണ്ടാക്കുന്നുവെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കൗമാരക്കാരിലെ രോഗസാധ്യത നേരത്തെ കണ്ടെത്തി ബോധവൽക്കരണവും പരിശോധനയും നടത്തണമെന്ന് കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റി ഈയിടെ പ്രസിദ്ധപ്പെടുത്തിയ അവലോകന പഠനത്തിലും നിർദേശിക്കുന്നു. രോഗബാധിതരായ 72ൽ 36 ഉം ബിരുദമോ അതിലും ഉയർന്ന വിദ്യാഭ്യാസമോ ഉള്ളവരായിരുന്നു. 18 വയസിന് ശേഷമാണ് എച്ച്ഐവി കണ്ടെത്തുന്നതെങ്കിലും പലരും രോഗവാഹകരാകാനാണ് സാധ്യതയെന്ന് എയിഡ്സ് കൺട്രോൾ സൊസൈറ്റി സാങ്കേതിക വിഭാഗം ടീം ലീഡർ ഡോ. എസ് കെ ഹരീഷ്കുമാർ പറഞ്ഞു.
അറിവില്ലായ്മയും കൗതുകത്താലും സുരക്ഷിതത്വമില്ലാതെ സ്വവർഗ ലൈംഗികതയുൾപ്പെടെയുള്ളവയിലേക്ക് പോകുന്ന കൗമാരക്കാർക്ക് നാടും വീടും കൂടുതൽ ശ്രദ്ധയും കരുതലും നൽകണമെന്നും അദ്ദേഹം പറഞ്ഞു. ബോധവൽക്കരണവും പരിശോധനയും ശക്തമാക്കി എച്ച്ഐവി പകർച്ച കുറയ്ക്കാനാവണമെന്ന് റിപ്പോർട്ട് നിർദേശിക്കുന്നു. സ്കൂൾ കൗമാരക്കാർക്കുള്ള വിദ്യാഭ്യാസ പരിപാടി, റെഡ് റിബൺ ക്ലബ്, ഔട്ട് ഓഫ് സ്കൂൾ യൂത്ത് ഉൾപ്പെടെയുള്ള യുവജനങ്ങൾക്കിടയിലെ ഇടപെടലുകളും ശക്തിപ്പെടുത്തണമെന്നും റിപ്പോർട്ടിലുണ്ട്.